Sorry, you need to enable JavaScript to visit this website.

ശൈഖ് ഖലീഫ:  കാരുണ്യത്തിന്റെ ആൾരൂപം


എല്ലാ മതവിഭാഗങ്ങൾക്കും യു.എ.ഇയിൽ ആരാധനാ സ്വാതന്ത്ര്യവും അതിനുള്ള സൗകര്യവുമൊരുക്കി സർവമത സാഹോദര്യത്തിന്റെ മുദ്രകൾ ചാർത്താനും അദ്ദേഹത്തിനായി. സഹിഷ്ണുതക്കും ആനന്ദത്തിനും മന്ത്രാലയം സ്ഥാപിച്ച് ഇന്ന് ലോകത്തിന് അനിവാര്യമായി വേണ്ട കാര്യമാണിതെന്ന സന്ദേശം നൽകാനും ലാളിത്യത്തിനുടമയായ ശൈഖ് ഖലീഫക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾകൊണ്ട് യു.എ.ഇ സുസ്ഥിര വികസനം നേടിയെന്നു മാത്രമല്ല, അടുത്ത അമ്പത് വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതികൾക്ക് തുടക്കമിടുന്നതിനും കഴിഞ്ഞു.

 

യു.എ.ഇ മുൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാനിലൂടെ ലോകത്തിന് നഷ്ടമായത് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും വികസനത്തിന്റെയും നായകനെയാണ്. സമത്വവും സ്വാതന്ത്ര്യവുമുള്ള സാമൂഹിക വ്യവസ്ഥക്കു പ്രാധാന്യം നൽകി ഏതു സ്വപ്‌നത്തെയും ഇഛാശക്തികൊണ്ട് യാഥാർഥ്യമാക്കാമെന്ന് തെളിയിച്ച് ലോകത്തിന് സഹിഷ്ണുതയുടെയും ആനന്ദത്തിന്റെയും സന്ദേശം പകർന്നുകൊണ്ടാണ് ശൈഖ് ഖലീഫ വിടവാങ്ങിയത്. അതുകൊണ്ടു തന്നെയാണ് ലോകമൊന്നാകെ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനമറിയിച്ച് ദുഃഖാചരണത്തിൽ പങ്കാളികളായത്. സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ രാജ്യത്തെത്തിയ മറ്റു രാജ്യക്കാർക്കും തുല്യ പരിഗണന നൽകി. അതിന്റെ ഗുണഫലങ്ങൾ കൂടുതൽ ലഭിച്ചത് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കായിരുന്നു. 
മലയാളികളെയും മലയാളക്കരയെയും എന്നും നെഞ്ചോട് ചേർത്തു പിടിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് തെളിയിക്കുന്നതാണ് കേരളീയരോട് എന്നും കാണിച്ചിരുന്ന മമതതയും സ്‌നേഹവും. കുടുംബ ഡോക്ടറായിരുന്ന പത്തനംത്തിട്ട സ്വദേശി ഡോ. ജോർജ് മാത്യുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന മറ്റു മലയാളികൾക്കും പൗരത്വം അനുവദിച്ചും എം.എ. യൂസഫലിയെ പോലുള്ള നിരവധി വ്യവസായ പ്രമുഖർക്ക് വ്യവസായ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന് അകമഴിഞ്ഞ സഹായങ്ങൾ നൽകിയും ദുരിതകാലത്ത് കേരളത്തിന് കൈത്താങ്ങായും പതിനായിരക്കണക്കിനു പേർക്ക് അന്നം തേടാൻ അവസരമൊരുക്കിയുമെല്ലാം അദ്ദേഹം എന്നും മലയാളികളുടെ ഇഷ്ടതോഴനായി നിന്നു.  കേരളം വെളളപ്പൊക്ക കെടുതിയിൽ ദുരിതമനുഭവിച്ചപ്പോൾ 700 കോടിയുടെ സഹായ വാഗ്ദാനമാണ് അദ്ദേഹം നൽകിയത്. യു.എ.ഇയെ കേരളീയരുടെ രണ്ടാം വീടാക്കി മാറ്റുന്നതിനിടയാക്കിയത് അദ്ദേഹത്തിന്റെ ഈ സ്‌നേഹവും കരുതലുമായിരുന്നു. 


പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത് വികസനത്തെ ഭരണത്തിന്റെ മുഖമുദ്രയാക്കി മാറ്റി എല്ലാവരെയും ചേർത്തുപിടിക്കാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം. വലിപ്പച്ചെറുപ്പത്തിനും ജാതിമതത്തിനും സ്ഥാനമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ അദ്ദേഹത്തിനായി. പ്രയാസമനുഭവിക്കുന്നവരിൽ കാരുണ്യം ചൊരിയാനും സഹായമെത്തിക്കാനും വിമുഖതയുണ്ടായിരുന്നില്ലെന്നതിനു തെളിവാണ് വിവിധ രാജ്യങ്ങളിലെ പിന്നോക്ക പ്രദേശങ്ങളിലേക്കുള്ള സഹായ പ്രവാഹം. വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം, ഭവന നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലായി കോടികളുടെ സഹായമാണ് വിവിധ രാജ്യങ്ങൾക്ക് അദ്ദേഹം നൽകിയത്.  ലോകത്തിന്റെ ഏതു കോണിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകമ്പോഴും അവിടെ ആദ്യ സഹായം എത്തേണ്ടത് യു.എ.ഇയുടേതായിരിക്കണമെന്ന നിർബന്ധ ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. കോവിഡ് കാലത്ത് ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് യു.എ.ഇ നൽകിയ സഹായം എടുത്തു പറയേണ്ടതാണ്. കോവിഡ് മൂലം നട്ടംതിരിഞ്ഞ ചൈനക്ക് ആദ്യം സഹായമെത്തിച്ചത് യു.എ.ഇ ആയിരുന്നു. കോവിഡിന്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ചൈനയിൽനിന്ന് ഒരു വിമാനം നിറയെ കോവിഡ് രോഗികളെ കൊണ്ടുവന്ന് യു.എ.ഇയുടെ ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ എത്തിച്ച് ചികിത്സ നൽകി രോഗം സുഖപ്പെടുത്തി തിരിച്ചയച്ചതു മാത്രം മതി, കോവിഡ് കാലത്തെ ഇദ്ദേഹത്തിന്റെ സഹായം വിലയിരുത്താൻ. അതുപോലെ ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾക്കും കോവിഡ് പ്രതിരോധ സഹായങ്ങൾ എത്തിച്ചും രാജ്യത്തെ കോവിഡ് രോഗികൾക്ക് സ്വദേശി വിദേശി വ്യത്യാസമില്ലാതെ ലോക നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കിയും മുന്നിൽ നിന്നു. ഫലസ്തീനിൽ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് ശൈഖ് ഖലീഫ എന്ന പേരിൽ ഭവന പദ്ധതി തന്നെ ആവിഷ്‌കരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലും മധ്യപൂർവ ദേശത്തും അടിസ്ഥാന സൗകര്യങ്ങളെത്തിക്കുന്നതിനും എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. 


എല്ലാ മതവിഭാഗങ്ങൾക്കും യു.എ.ഇയിൽ ആരാധനാ സ്വാതന്ത്ര്യവും അതിനുള്ള സൗകര്യവുമൊരുക്കി സർവമത സാഹോദര്യത്തിന്റെ മുദ്രകൾ ചാർത്താനും അദ്ദേഹത്തിനായി. സഹിഷ്ണുതക്കും ആനന്ദത്തിനും മന്ത്രാലയം സ്ഥാപിച്ച് ഇന്ന് ലോകത്തിന് അനിവാര്യമായി വേണ്ട കാര്യമാണിതെന്ന സന്ദേശം നൽകാനും ലാളിത്യത്തിനുടമയായ ശൈഖ് ഖലീഫക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾ കൊണ്ട് യു.എ.ഇ സുസ്ഥിര വികസനം നേടിയെന്നു മാത്രമല്ല, അടുത്ത അമ്പത് വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതികൾക്ക് തുടക്കമിടുന്നതിനും കഴിഞ്ഞു. എല്ലാവരെയും കേൾക്കാനുള്ള വിശാല മനസ്സിനുടമയായിരുന്നു അദ്ദേഹം. രണ്ടാഴ്ച കൂടുമ്പോൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നടന്നിരുന്ന മജ്‌ലിസിൽ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പുറമെ വിവിധ തുറകളിൽനിന്നുള്ള വിദഗ്ധരെയും ഉൾപ്പെടുത്തിയിരുന്നു. എല്ലാവർക്കും അവരുടെ കാര്യങ്ങൾ തുറന്നു പറയാനും അഭിപ്രായമറിയിക്കാനുമുള്ള അവസരമൊരുക്കി അവരെല്ലാം കേട്ടുകൊണ്ടായിരുന്നു അദ്ദേഹം നയപരമായ തീരുമാനങ്ങൾ എടുത്തിരുന്നത്. 


വനിതാ മുന്നേറ്റത്തിന് എന്നും പ്രമുഖ്യം നൽകിയ ഭരണാധികാരിയായിരുന്നു െൈശഖ് ഖലീഫ. പ്രസിഡന്റായി അധികാരമേറ്റ് അധികം വൈകാതെ വനിതാ മന്ത്രിയെ നിയമിച്ചുകൊണ്ടായിരുന്നു തുടക്കം. ഉന്നത സർക്കാർ പദവികളിൽ സ്ത്രീകൾക്ക് 30 ശതമാനം പ്രാതിനിധ്യം നൽകിയും വനിതാ ജഡ്ജിമാരെ നിയമിച്ചും വനിതകൾക്ക് അവരുടെ കഴിവുകൾ പ്രകടമാക്കാൻ സാധ്യമാകുന്ന മേഖലകളിലെല്ലാം പ്രാതിനിധ്യം ഉറപ്പാക്കിയും വനിതാ മുന്നേറ്റത്തിനു എന്നും കൂടെ നിന്നു. അറബ് മേഖലയിലെ ആദ്യ ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ രാജ്യമെന്ന പദവി യു.എ.ഇക്ക് സ്വന്തമാക്കുന്നതിനു സഹായിച്ച ബഹിരാകാശ കമ്മീഷനെ നയിച്ചതും സ്ത്രീയായിരുന്നു. മനുഷ്യാവകാശങ്ങൾക്ക് എന്നും വില കൽപിച്ചിരുന്നുവെന്ന് തെളയിക്കുന്നതാണ് ഈ രംഗത്ത് അദ്ദേഹം കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ. മനുഷ്യക്കടത്തു തടയാൻ 2006 ൽ കൊണ്ടുവന്ന നിയമത്തിലൂടെ ഒട്ടകയോട്ടക്കാരാക്കാൻ ആഫ്രിക്കയിലെയും ഏഷ്യയിലെയും കുട്ടികളെ യു.എ.ഇയിലെത്തിക്കുന്നതിന് തടയിട്ടു. ആയിരം കുട്ടികളെയാണ് ഈ നിയമത്തിലൂടെ രക്ഷിച്ച് അവരുടെ രാജ്യങ്ങളിലെക്ക് തിരിച്ചയച്ചത്. സാമ്പത്തിക നില ഭദ്രമാക്കാൻ സ്വീകരിച്ച നിലപാടു കൊണ്ടാണ് 2008 ലെ ആഗോള മാന്ദ്യത്തിലും കോവിഡ് കാലത്തെ പ്രതിസന്ധികളിലും യു.എ.ഇ പിടിച്ചു നിന്നത്. ഇങ്ങനെ ഏതു രംഗമെടുത്തു പരിശോധിച്ചാലും നന്മയുടെയും കരുതലിന്റെയും ദീർഘവീക്ഷണത്തിന്റെയും കരുത്താണ് ഈ യുഗപുരുഷനെന്നു കാണാനാവും. 


ഒരു ഭരണാധികാരിക്കു വേണ്ടത് ദീർഘവീക്ഷണവും സഹിഷ്ണുതയും സ്‌നേഹവും വാൽസല്യവും കരുതലും എല്ലാവരെയും ചേർത്തു പിടിക്കാനുള്ള വിശാല മനസ്‌കതയും ലാളിത്യവുമാണ്. എങ്കിൽ വിസ്മയങ്ങൾ തീർക്കാനാവുമെന്ന് തെളിയിച്ച മഹാരഥനാണ് െൈശഖ് ഖലീഫ. അസഹിഷ്ണുതയും വിദ്വേഷവും പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പും ശത്രുതയും സൃഷ്ടിക്കുന്നവർക്ക് ഇദ്ദേഹത്തിൽനിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായി ബുർജ് ഖലീഫ നിലനിൽക്കുന്നതു പോലെ വികസനത്തിന്റെ അതിശയിപ്പിക്കുന്ന സന്ദര്യം യു.എ.ഇക്കു സമ്മാനിച്ച െൈശഖ് ഖലീഫയുടെ നാമം ലോകത്ത് എന്നും തലയുയർത്തി നിൽക്കും. 

Latest News