കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനം
റിയാദ് - സൗദി യുവാക്കൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതിനും ഡിജിറ്റൽ സാങ്കേതിക വിദ്യ കൈമാറുന്നതിനും മൈക്രോ സോഫ്റ്റ് കമ്പനി സന്നദ്ധത പ്രകടിപ്പിച്ചു. അമേരിക്കയിൽ പര്യടനം തുടരുന്ന സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മൈക്രോസോഫ്റ്റ് കമ്പനിയുടെ ഇന്ത്യൻ വംശജനായ സി.ഇ.ഒ സത്യാ നാടല്ലയുമായി സിയാറ്റിലിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും സൗദി നയതന്ത്ര പ്രതിനിധികളും മൈക്രോ സോഫ്റ്റ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം 'സൗദിയിലെ പുതിയ സാമ്പത്തിക അവസരങ്ങൾ' എന്ന ശീർഷകത്തിൽ ന്യൂയോർക്ക് ഇക്കണോമിക് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ കിരീടാവകാശി പങ്കെടുത്തു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിൽ ഗഹനമായ പഠനവും ചർച്ചയും സംഘടിപ്പിച്ച് ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ന്യൂയോർക്ക് ഇക്കണോമിക് ക്ലബ്ബ്.
ധനകാര്യ, വ്യവസായ മേഖലകളിലെ പ്രഗത്ഭരും സാമ്പത്തിക വിചക്ഷണന്മാരും പങ്കെടുത്ത പരിപാടിയിൽ സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ഊർജ വ്യവസായ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് എന്നിവരും സന്നിഹിതരായിരുന്നു. എണ്ണ യുഗത്തിന് ശേഷം സൗദിയുടെ സാമ്പത്തിക സ്രോതസ്സ് വൈവിധ്യവൽക്കരിക്കുന്നതിന് ആവിഷ്‌കരിച്ച വിഷൻ 2030 ന്റെ വെളിച്ചത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ യോഗം അനാവരണം ചെയ്തു. ഇതിനോടകം തുടക്കം കുറിച്ച നിയോം പദ്ധതി, 334 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര പദ്ധതിയായ അൽഖിദിയ്യ, ചെങ്കടൽ പദ്ധതി തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ സൗദിയിൽ വളർന്നുവരുന്ന സാമ്പത്തിക നിക്ഷേപ അവസരങ്ങൾ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായം രേഖപ്പെടുത്തി.
വിഷൻ 2030 ന്റെ സാക്ഷാത്കാരത്തോടെ സൗദി സാക്ഷ്യം വഹിക്കുന്ന മാറ്റവും പുരോഗതിയും വെറും സാമ്പത്തിക മേഖലയിൽ ഒതുങ്ങില്ലെന്ന് ഡോ. മാജിദ് അൽഖസബിയും എൻജി. ഖാലിദ് അൽഫാലിഹും ഊന്നിപ്പറഞ്ഞു. മറിച്ച്, ഓരോ വ്യക്തിയുടെ ശേഷിയും അഭിവൃദ്ധിപ്പെടണമെന്നതാണ് സമഗ്ര സാമ്പത്തിക പദ്ധതി വിഭാവന ചെയ്യുന്നത്. 80 വർഷമായി തുടരുന്ന സൗദി അമേരിക്കൻ നയതന്ത്ര ബന്ധം കിരീടാവകാശിയുടെ സന്ദർശനത്തോടെ കൂടുതൽ ഊഷ്മളമായതായും ഇരുവരും വ്യക്തമാക്കി.