നജ്‌റാൻ - അൽമുറാബിത സ്ട്രീറ്റിൽ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് ട്രെയ്‌ലർ ഇടിച്ചുകയറി മരിച്ച വിദേശികളെല്ലാം ഇന്ത്യക്കാർ. ഒരു മലയാളിയും രണ്ട് തമിഴ്‌നാട്ടുകാരുമാണ് മരിച്ചത്. കോഴിക്കോട് കക്കോടി സ്വദേശി നിഖിൽ ആണ് മരിച്ച മലയാളി. ഖമീസിൽനിന്ന് നജ്‌റാനിലേക്കുള്ള വഴിയിൽ മറാത്ത് എന്ന സ്ഥലത്ത് ശനിയാഴ്ച രാവിലെ പത്തിനായിരുന്നു അപകടം.
ടൈൽസ് കയറ്റിവരികയായിരുന്ന ട്രെയ്‌ലർ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ട്രെയ്‌ലർ ഓടിച്ചിരുന്ന നിഖിലിന്റെ മൃതദേഹം കത്തിയെരിഞ്ഞു. തമിഴ്‌നാട്ടുകാരായ രണ്ടുപേർ കടകളിലെ ജീവനക്കാരാണെന്നു നജ്‌റാൻ സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ അബ്ദുൽ ഖാലിഖ് അൽഅഖഹ്താനി അറിയിച്ചു.
സംഭവം നടന്നയുടനെ അൽമജാരിദ ജനറൽ ആശുപത്രിയിൽ കോഡ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പരിക്കേറ്റ പത്തുപേരിൽ അഞ്ച് പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മലയോര റോഡിൽ ഇറക്കമുള്ള സ്ഥലത്തു ട്രെയിലറിന്റെ ബ്രേയ്ക്ക് നഷ്ടപ്പെട്ട് കടയിൽ ചെന്നിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കട കത്തിച്ചാമ്പലായി.
നിഖിൽ
അൽമുതവ കോൺട്രാക്ടിങ് കമ്പനി െ്രെഡവർ ആയ നിഖിൽ യാമ്പുവിൽനിന്ന് നജ്‌റാനിലേക്ക് ചരക്കു കൊണ്ടുപോവുകയായിരുന്നു. മുമ്പ് സൗദിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം വിവാഹശേഷം ഒരു വർഷം മുമ്പാണ് വീണ്ടും എത്തിയത്. കോഴിക്കോട് കക്കോടി മാറോളി വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകനാണ്. ഉദയകുമാരിയാണ് അമ്മ. ഭാര്യ: റീജ. രണ്ടു വയസ്സുള്ള മകനുണ്ട്.
മൃതദേഹങ്ങൾ നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിഖിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അയൽവാസി വിശ്വാസ് പറഞ്ഞു.