കുവൈത്ത് സിറ്റി - ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ കുവൈത്തി പൗരന് ഒരാഴ്ചക്കിടെ നഷ്ടപ്പെട്ടത് 25 ലക്ഷം ഡോളര്‍. ക്രിപ്‌റ്റോ കറന്‍സിയായ ലൂനയിലാണ് കുവൈത്തി പൗരന്‍ പണം നിക്ഷേപിച്ചിരുന്നത്. ലൂനയുടെ മൂല്യം അപ്രതീക്ഷിതമായി ഇടിഞ്ഞതോടെയാണ് കുവൈത്തി പൗരന് ഭീമമായ നഷ്ടം നേരിട്ടത്. ലൂനയില്‍ 25 ലക്ഷം ഡോളര്‍ നിക്ഷേപിച്ച കുവൈത്തി പൗരന്റെ നിക്ഷേപം ഇപ്പോള്‍ 275 ഡോളറായി മാറിയതായി പ്രമുഖ കുവൈത്തി പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ക്രിപ്‌റ്റോ കറന്‍സികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ നടത്തിയ തനിക്ക് രണ്ടര ലക്ഷത്തിലേറെ റിയാല്‍ നഷ്ടപ്പെട്ടതായി സൗദി പൗരന്‍ തുര്‍ക്കി ബന്ദര്‍ പറഞ്ഞു. 50,000 ഡോളറാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ താന്‍ നിക്ഷേപിച്ചത്. ഒരാഴ്ചക്കകം ഇത് വെറും 15 ഡോളറായി മാറിയതായി തുര്‍ക്കി ബന്ദര്‍ പറഞ്ഞു. ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ താന്‍ ചെവികൊള്ളാതിരിക്കുകയായിരുന്നു.
ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിലൂടെ ഭീമമായ ലാഭം ലഭിക്കുമെന്ന പ്രചാരണങ്ങളില്‍ താന്‍ കുടുങ്ങി. തുടക്കത്തില്‍ തനിക്കും ലാഭം ലഭിച്ചു. ഇതോടെ ക്രിപ്‌റ്റോ കറന്‍സികളിലെ തന്റെ നിക്ഷേപങ്ങള്‍ രണ്ടര ലക്ഷത്തിലേറെ റിയാലായി ഉയര്‍ന്നു. അല്‍പ കാലത്തിനു ശേഷം ചില ക്രിപ്‌റ്റോ കറന്‍സികള്‍ അപ്രത്യക്ഷമായി. കഴിഞ്ഞയാഴ്ച ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോ കറന്‍സികള്‍ മൂക്കുകുത്തി വീണു. ആയിരം ഡോളര്‍ വിലയുണ്ടായിരുന്ന ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം രണ്ടു സെന്റ് ആയി കുറഞ്ഞു. 50,000 ഡോളറാണ് ക്രിപ്‌റ്റോ കറന്‍സികളില്‍ താന്‍ നിക്ഷേപിച്ചിരുന്നത്. ഒരാഴ്ചക്കിടെ തന്റെ അക്കൗണ്ടിലെ പണം 15 ഡോളറായി മാറി. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ച പണം ഏതെങ്കിലും വിധേന വീണ്ടെടുക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നെന്നും തുര്‍ക്കി ബന്ദര്‍ പറഞ്ഞു.