കൊച്ചി- കെ-റെയില്‍ സര്‍വെ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്ത് സര്‍വേ നടത്താനും, മറ്റിടങ്ങളില്‍ ജിയോ ടാഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള നിര്‍ദേശമാണ് കെ-റെയില്‍ മുന്നോട്ട് വെച്ചതെന്നും മൂന്നിനും അംഗീകാരം നല്‍കുകയായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കാനായി കെ-റെയില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. അതില്‍ ഒന്ന് തര്‍ക്കമില്ലാത്ത ഭൂമിയില്‍ കല്ലിടണം എന്നാണ്. രണ്ട്, കല്ലിടുന്നതിന് പുറമെ ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവില്‍ മാര്‍ക്ക് ചെയ്ത് അടയാളപ്പെടുത്താനുള്ള അവസരം നല്‍കണം. മൂന്നാമത്തേത് ജിയോ ടാഗിങ് നടത്താനുള്ള അവസരം വേണം എന്നാണ് ഏജന്‍സി ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈ മൂന്ന് വഴികളില്‍ കൂടിയും അതിരടയാളം രേഖപ്പെടുത്തി സാമൂഹികാഘാത പഠനം നടത്താവുന്നതാണ് എന്ന അനുമതിയാണ് കൊടുത്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.