Sorry, you need to enable JavaScript to visit this website.

പേരാമ്പ്ര വെൽഫെയർ സ്‌കൂളിലെ ജാതി വിവേചനം; നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

പേരാമ്പ്രയിലെ വെൽഫെയർ സ്‌കൂളിൽ സാംബവ സമുദായത്തിനോടുള്ള ജാതി വിവേചനത്തിനെതിരെ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നവോത്ഥാന സദസ്സ്' സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര- സാമൂഹികമായി പുറം തള്ളപ്പെട്ട കേരളത്തിലെ പിന്നോക്ക ജാതിയിൽപ്പെട്ടവർ അനുഭവിക്കുന്ന ഭൂപ്രശ്‌നവും ജാതി വിവേചനവും അഭിമുഖീകരിക്കുന്നതിൽ കേരളത്തിലെ സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷം പരാജയപ്പെട്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് പേരാമ്പ്രയിലെ സാംബവ കോളനിയും മറ്റൊരു സമുദായത്തിലെ വിദ്യാർഥിയും പഠിക്കാൻ വരാത്ത പൊതു വിദ്യാലയമായ വെൽഫെയർ സ്‌കൂളുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്‌കൂളിൽ ഒരു പ്രത്യേക സമുദായത്തിലെ കുട്ടികൾ മാത്രം പഠിക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിൽ കാലങ്ങളായി തുടരുന്ന ജാതി വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യ ഭരിക്കുന്ന, സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ബി.ജെ.പി ഗവൺമെന്റ് ജാതി പീഡനങ്ങൾക്കും വംശീയ ഉൻമൂലനങ്ങൾക്കും ചൂട്ടുപിടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ സഹോദര്യത്തിലധിഷ്ഠിതമായ പുതിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് വളരണമെന്ന് അദ്ദേഹം പറഞ്ഞു. 


2019 ൽ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് എന്ന വെൽഫെയർ പാർട്ടിയുടെ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഓപറേഷൻ രോഹിത് വെമുല എന്ന പേരിൽ നടത്തിയത് വിപ്ലവകരമായ ഒരു പ്രവർത്തനമായിരുന്നു. മറ്റു പ്രദേശങ്ങളിൽനിന്നുൾപ്പെടെ സ്വന്തം മക്കളായ ആറ് കുട്ടികളെ പുതുതായി ചേർത്താണ് കെ.എസ്.ടി.എം ശ്രദ്ധേയമായ പ്രവർത്തനം നടത്തിയത്. എങ്കിലും സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇത് കണ്ടില്ലെന്ന് നടക്കുകയായിരുന്നു. തുടർന്ന് പുതുതായി ചേർന്ന രക്ഷിതാക്കൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് സ്‌കൂൾ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും മന്ത്രിയും അവഗണന തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 


അവഗണന നേരിടുന്ന കോളനിയുടേയും സ്‌കൂളിന്റേയും കാര്യത്തിൽ സമൂല മാറ്റം കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ.പി. ചെക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ, മുതലമട ഭൂസമര സമിതി ചെയർമാൻ ശിവരാജ് ഗോവിന്ദാപുരം, കെ.എസ്.ടി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. നൗഷാദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആക്ടിംഗ് പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ, വൈസ് പ്രസിഡന്റ് നഈം ഗഫൂർ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.സി. ഭാസ്‌കരൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, ശശിധരൻ ബാപ്പങ്ങാട്, ദേശീയ സെക്രട്ടറി റസാഖ് പാലേരി, ജില്ലാ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.വി. വേലായുധൻ സ്വാഗതവും മണ്ഡലം സെക്ട്രടറി എം.ടി. അഷ്‌റഫ് നന്ദിയും പറഞ്ഞു. 

Latest News