അബുദാബി- യു.എ.ഇയിലെ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാര്‍ക്ക് ഇതാദ്യമായി എംബസി കുറഞ്ഞ വേതനം നിശ്ചയിച്ചു. എംബസി നിര്‍ദേശിച്ച മിനിമം വേതനം വേലക്കാരിയുമായുള്ള കരാറില്‍ ഇല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. വേലക്കാരിയുടെ പരിചയസമ്പത്ത് അടിസ്ഥാനമാക്കിയാണ് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നതെന്ന് യു.എ.ഇയിലെ ഇന്തോനേഷ്യന്‍ അംബാസഡര്‍ ഹുസിന്‍ ബാഗിസ് പറഞ്ഞു. ഇന്തോനേഷ്യന്‍ പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയിലുള്ള ഒരു ലക്ഷത്തിലേറെ ഇന്തോനേഷ്യക്കാരില്‍ ഭൂരിഭാഗവും വേലക്കാരികളാണ്. രണ്ട് മുതല്‍ നാല് വര്‍ഷം വരെ തൊഴില്‍ പരിചയമുള്ള വേലക്കാരികളുടെ മിനിമം വേതനം 1400 ദിര്‍ഹംസായാണ് നിശ്ചയിച്ചിരിക്കുന്നത്. 20 വര്‍ഷമോ അതില്‍ കൂടൂതലോ സര്‍വീസുള്ളവര്‍ക്ക് 3200 ദിര്‍ഹം നല്‍കണം.
ഇന്തോനേഷ്യന്‍ വേലക്കാരികള്‍ ഇപ്പോള്‍ യു.എ.ഇയിലേക്ക് വരുന്നില്ല. 2015 -ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരാണ് വീട്ടുവേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് തടഞ്ഞത്.
റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാന്‍ യു.ഇ.യും ഇന്തോനേഷ്യയും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. നിലവിലുള്ള ജോലിക്കാരുടെ 15 മുതല്‍ 20 വരെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നുണ്ട്.