മലപ്പുറം- വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതികളെ തുടർന്ന് പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി ശശികുമാർ ആൺകുട്ടികളേയും പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തൽ. ആണ്‍കുട്ടികളെയും ഇയാള്‍ ചൂഷണംചെയ്തിരുന്നുവെന്നതടക്കമുള്ള കൂടുതല്‍ പരാതികള്‍ ലഭിച്ചതായി പോലിസ് അറിയിച്ചു.
പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വരുംദിവസങ്ങളില്‍ പ്രതിയെ സ്‌കൂളിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനിടെ സ്‌കൂള്‍ അധികൃതര്‍ക്ക് സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതരെ യഥാസമയം അറിയിച്ചിട്ടും അവര്‍ സംഭവം മൂടിവച്ചുവെന്നുമുള്ള ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്‌റ്റേയില്‍നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലുടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടിന് ഇയാള്‍ ഒളിവില്‍പ്പോയി. പൂര്‍വവിദ്യാര്‍ഥികളില്‍നിന്നുതന്നെ ഗുരുതര ആരോപണങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.
ഒമ്പതു വയസ്സു മുതല്‍ 16 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്‌തത്.