കൊച്ചി- യു.ഡി.എഫ് കോട്ടയായ തൃക്കാക്കര നിലനിർത്താൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിന് എത്തുമെന്ന് കോൺഗ്രസ്. താര പ്രചാരകരെ തൃക്കാക്കരയിൽ പ്രചാരണത്തിനെത്തിക്കാനാണ് കോൺഗ്രസ് ശ്രമം. ചിന്തൻ ബൈഠക്കിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ദേശീയ നേതാക്കളെ തൃക്കാക്കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
കേരളത്തിലെ യു.ഡി.എഫിന്റെ പ്രധാന നേതാക്കളെല്ലാം ആദ്യഘട്ട പ്രചാരണം മുതൽ തന്നെ സജീവമായിരുന്നു. 41 സീറ്റ് മാത്രമുണ്ടായിരുന്ന യു.ഡി.എഫിന് അംഗബലം കുറയാതിരിക്കുക എന്നതിനപ്പുറം കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടി ശക്തി തെളിയിക്കുക എന്ന ലക്ഷ്യം കൂടി കോൺഗ്രസിനുണ്ട്. കെ-റെയിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന യു.ഡി.എഫിന് ജനം ഈ പദ്ധതിക്ക് എതിരാണ് എന്ന് വിളിച്ചു പറയാൻ തൃക്കാക്കരയിൽ വിജയം അനിവാര്യമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഈ തെരഞ്ഞെടുപ്പ് ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ഡി.സി.സി ഭാരവാഹികൾ ഓരോരുത്തരും ചുമതല തന്നിരിക്കുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഭൂരിപക്ഷം പരമാവധി ഉയർത്തുന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്. ഓരോരുത്തരും ചുമതല തന്നിരിക്കുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് ഇന്നലെ നടന്ന ഡി.സി.സി നേതൃയോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ തൃക്കാക്കരയിൽ നെഗറ്റീവ് ആയ ഒരു സാഹചര്യവും ചൂണ്ടിക്കാണിക്കാൻ ഇല്ലെന്ന് മുൻ യു.ഡി.എഫ് കൺവീനറും എം.പിയുമായ ബെന്നി ബഹനാൻ നേതൃയോഗത്തിൽ വ്യക്തമാക്കി. പാർട്ടി ഇത്രയും മുന്നൊരുക്കം മുമ്പ് ഒരിക്കലും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ഒരുക്കങ്ങൾ തുടങ്ങി. ഇലക്ഷൻ പ്രഖ്യാപിച്ചു മണിക്കൂർ കഴിയും മുൻപേ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സ്ഥാനാർഥി നിർണയം സബന്ധിച്ച് ആശയക്കുഴപ്പമില്ല. നേതാക്കൾ തമ്മിൽ പടലപ്പിണക്കമോ അഭിപ്രായ ഭിന്നതയോ ഇല്ല. ഇവയടക്കം എല്ലാ ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമാണെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി.