Sorry, you need to enable JavaScript to visit this website.

കണ്ണീർ സീൻ നാല്; പൊട്ടിക്കരഞ്ഞ് വാർണറും കുറ്റമേറ്റു

സിഡ്‌നി- അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് വലിയ നാണക്കേട് വരുത്തിവെച്ച പന്തു ചുരണ്ടൽ വിവാദത്തിന്റെ മുഖ്യ സൂത്രധാരൻ ഡേവിഡ് വാർണറും കണ്ണീർ വാർത്തുകൊണ്ട് കുറ്റമേറ്റു. തന്റെ പ്രവൃത്തി രാജ്യത്തിന് കനത്ത നാണക്കേടാണ് വരുത്തുവെച്ചതെന്നും ജീവിച്ചിരിക്കുവോളം താൻ ഇതിൽ പശ്ചാത്തപിക്കുമെന്നും 31 കാരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം ഓസ്‌ട്രേലിയൻ ടീമുമായി ബന്ധപ്പെട്ട നാലാമത്തെ കണ്ണീർ പത്രസമ്മേളനമായിരുന്നു ഇന്നലെ സിഡ്‌നിയിൽ നടന്നത്. വിവാദത്തെത്തുടർന്ന് ടീമിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ കഴിഞ്ഞ ദിവസം പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റമേറ്റിരുന്നു. പന്തു ചുരണ്ടലിൽ പങ്കാളിയായ ഓപ്പർ കാമറൂൺ ബാൻക്രോഫ്റ്റും മാധ്യമപ്രവർത്തകർക്കു മുന്നിൽ കണ്ണീർ വാർത്തു. വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ കോച്ച് ഡാരൻ ലേമാനും, കരഞ്ഞുകൊണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്. ഏറ്റുവുമൊടുവിലായിരുന്നു പന്തു ചുരണ്ടൽ ആസൂത്രണം ചെയ്ത മുൻ വൈസ് ക്യാപ്റ്റൻ കൂടിയായ വാണറുടെ ഊഴം.
ഇനിയൊരിക്കലും ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താനാവില്ലെന്ന യാഥാർഥ്യം ഞാൻ ഉൾക്കൊള്ളുന്നു. കളിച്ചിരുന്നിടത്തോളം കാലം രാജ്യത്തിന്റെ യശ്ശസ്സുയർത്താനാണ് ഞാൻ ശ്രമിച്ചത്. പക്ഷെ ഞങ്ങളൊരു തെറ്റായ തീരുമാനമെടുത്തു. അതിൽ ഞാനും എന്റേതായ പങ്കുവഹിച്ചു. അത് അപരിഹാര്യമായ തെറ്റാണ്. ചെയ്ത തെറ്റിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് വാണർ കണ്ണീരോടെ പറഞ്ഞത്.
എങ്കിലും പന്തു ചുരണ്ടലിൽ ഇപ്പോൾ പിടിക്കപ്പെട്ടവർക്കല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ, ഇതിനു മുമ്പ് ടീം ഇത്തരം കള്ളത്തരങ്ങൾ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ വാണർ ഒഴിഞ്ഞുമാറി. ഞാൻ ഇവിടെയെത്തിയിരിക്കുന്നത് എന്നെക്കുറിച്ച് മാത്രം പറയാനും ഞാൻ ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മാത്രമാണെന്നായിരുന്നു ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് വാണറുടെ മറുപടി. ഒപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശിക്ഷാ നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. തീരുമാനമെടുക്കുന്നതിനു മുമ്പ് ഇതേക്കുറിച്ച് കുടുംബാംഗങ്ങളുമായി വിശദമായ കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അപ്പീൽ നൽകുന്ന കാര്യം ബാൻക്രോഫ്റ്റ് പരിഗണിക്കുന്നതായും ഇക്കാര്യത്തിൽ താരം നിയമോപദേശം തേടിയതായും വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് വാണറോടും ഇതേക്കുറിച്ച് ചോദ്യം ഉയർന്നത്.
ഓസ്‌ട്രേലിയൻ ദേശീയ, പ്രാദേശിക ടീമുകളിൽ കളിക്കുന്നതിൽനിന്ന് ഒരു വർഷത്തെ വിലക്കാണ് സ്മിത്തിനും, വാണർക്കും സി.എ ചുമത്തിയ ശിക്ഷ. ബാൻക്രോഫ്റ്റിന് ഒമ്പതു മാസം വിലക്കും. ശിക്ഷ കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയാലും മൂവർക്കും ക്യാപ്റ്റൻസി വിലക്കുമുണ്ട്. 
ശിക്ഷ കഴിഞ്ഞ് ടീമിൽ തിരിച്ചെത്താൻ സാധ്യത തീരെ കുറവുള്ളത് 31 കാരനായ വാണർക്കാണ്.
 

Latest News