റിയാദ്- യു.എ.ഇ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുമോദിച്ചു.
സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള സാഹോദര്യ, സൗഹൃദ ബന്ധങ്ങള്‍ ശക്തമാക്കാനും ഗള്‍ഫ് രാജ്യങ്ങളും അറബ്, ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കാനുമുള്ള ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി ശൈഖ് മുഹമ്മദിനയച്ച അനുമോദന സന്ദേശത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ഗള്‍ഫ് ഭരണാധികാരികള്‍ അടക്കം നിരവധി ലോക നേതാക്കള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ അനുമോദിച്ചു.
യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റ് ആയി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ഹ്‌യാനെ ഇന്നു രാവിലെ അല്‍മുശ്‌രിഫ് കൊട്ടാരത്തില്‍ ചേര്‍ന്ന ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ യോഗമാണ് തെരഞ്ഞെടുത്തത്.. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് പ്രകാരം ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ പിന്‍ഗാമിയായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ യു.എ.ഇ പ്രസിഡന്റ് ആയി ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ തെരഞ്ഞെടുത്തതായി പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റുകളുടെ ഭരണാധികാരികളും തന്റെ സഹോദങ്ങളുമായ ശൈഖുമാര്‍ തന്നില്‍ അര്‍പ്പിച്ച വിലയേറിയ വിശ്വാസത്തെ വിലമതിക്കുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പറഞ്ഞു. ഈ ഭാരിച്ച ഉത്തരവാദിത്തം വഹിക്കാനും രാഷ്ട്രത്തെയും യു.എ.ഇ ജനതയെയും അര്‍ഹമായ രീതിയില്‍ സേവിക്കാനും സര്‍വശക്തന്‍ തന്നെ തുണക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പറഞ്ഞു.
മുഹമ്മദ് ബിന്‍ സായിദ് ശൈഖ് സായിദിന്റെ നിഴലും നമുക്കിടയിലെ ശൈഖ് സായിദിന്റെ പ്രതിനിധിയുമാണ്, യു.എ.ഇയുടെ സംരക്ഷകനായ ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കുന്നു, ഞങ്ങള്‍ അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്യുന്നു. യു.എ.ഇ ജനതയും അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്യുന്നു. മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് നയിക്കപ്പെടാന്‍ രാജ്യം ആഗ്രഹിക്കുന്നു - യു.എ.ഇ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അഭിനന്ദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു.
യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റ് ആയ അബുദാബിയുടെ പതിനേഴാമത് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ യു.എ.ഇ രാഷ്ട്ര സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ മൂന്നാമത്തെ പുത്രനായി 1961 മാര്‍ച്ച് 11 ന് ആണ് ജനിച്ചത്. ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് ആണ് മാതാവ്.
അല്‍ഐനിലും അബുദാബിയിലും ബ്രിട്ടനിലുമായിരുന്നു വിദ്യാഭ്യാസം. അമീരി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍, വ്യോമസേനാ പൈലറ്റ് എന്നിവ അടക്കമുള്ള പദവികള്‍ വഹിച്ച് വ്യോമസേനാ കമാണ്ടര്‍, സായുധ സേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് പദവികളില്‍ നിയമിതനായി. 1993 ല്‍ സായുധ സേന ചീഫ് സ്റ്റാഫ് ആയി മാറി. ഒരു വര്‍ഷത്തിനു ശേഷം ലെഫ്. ജനറല്‍ റാങ്ക് ലഭിച്ചു. 2005 ല്‍ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടര്‍ പദവിയില്‍ നിയമിതനാവുകയും ഫസ്റ്റ് ലെഫ്. ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
യു.എ.ഇ സായുധ സേനയുടെ നവീകരണത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1979 ല്‍ ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാഡമി സാന്റ്‌ഹേഴ്‌സ്റ്റില്‍ നിന്ന് ബിരുദം നേടിയ ശേഷം യു.എ.ഇ സായുധ സേനയില്‍ നിരവധി പദവികള്‍ വഹിച്ച ശേഷമാണ് ശൈഖ് മുഹമ്മദ് 2005 ല്‍ യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറായി മാറിയത്. 2004 നവംബറില്‍ അബുദാബി കിരീടാവകാശിയായി നിയമിതനായതു മുതല്‍ അബുദാബി എമിറേറ്റിന്റെ വികസനത്തിന് സഹായകമായ നിരവധി പദ്ധതികള്‍ക്കു പിന്നിലെ പ്രധാന ശക്തിയായിരുന്നു. കഴിഞ്ഞ ഒന്നര ദശകത്തിനിടെ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്കാണ് അബുദാബി സാക്ഷ്യംവഹിച്ചത്. അബുദാബിയില്‍ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും ശൈഖ് മുഹമ്മദ് വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ യു.എ.ഇയുടെ പേരില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നിരവധി രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങളും സംഭാവനകളും ജീവകാരുണ്യ സഹായങ്ങളും നല്‍കിയിട്ടുണ്ട്.