Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അവയവദാനത്തിന് പുതിയ നിയമാവലി, പണം വാങ്ങിയാലും കൊടുത്താലും ജയില്‍

റിയാദ് - അവയവദാനം വ്യവസ്ഥാപിതമാക്കുകയും നിയമ ലംഘകർക്ക് ശിക്ഷകൾ അനുശാസിക്കുകയും ചെയ്യുന്ന പുതിയ നിയമാവലിക്ക് സൗദി ഹെൽത്ത് കൗൺസിൽ പ്രസിഡന്റ് കൂടിയായ ആരോഗ്യ മന്ത്രിയുടെ അംഗീകാരം. അവയവം ദാനം ചെയ്യുന്നവരും അനന്തരാവകാശികളും ബന്ധുക്കളും ഏതെങ്കിലും രീതിയിൽ പണം ആവശ്യപ്പെടുന്നതും അവയവം സ്വീകരിച്ചവരിൽനിന്നും ബന്ധുക്കളിൽനിന്നും ആശുപത്രിയിൽ നിന്നും മറ്റും പണം സ്വീകരിക്കുന്നതും നിയമാവലിയിലെ പന്ത്രണ്ടാം വകുപ്പ് വിലക്കുന്നു. അവയവദാനത്തിന് സമ്മതിക്കുന്നതിനു പകരം അവയവം ദാനം ചെയ്യുന്നവർക്കോ അനന്തരാവകാശികൾക്കോ ബന്ധുക്കൾക്കോ അവയവം സ്വീകരിക്കുന്നവർ ഏതെങ്കിലും രീതിയിൽ പണം നൽകാൻ പാടില്ല.
അവയവദാനത്തിന് മധ്യവർത്തികൾ പണം ആവശ്യപ്പെടുന്നതും നിയമം വിലക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വ്യവസ്ഥകൾ ലംഘിക്കുന്ന ആശുപത്രികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
അവയവദാതാവിന്റെ ജീവന് ഭീഷണിയാവുകയും സാധാരണ ജീവിതത്തിന് പ്രതിബന്ധമാവുകയും ചെയ്യുന്ന നിലയിലുള്ള അവയവദാനം നിയമത്തിലെ എട്ടാം വകുപ്പ് വിലക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ പരാജയപ്പെടാനാണ് സാധ്യത കൂടുതലെന്ന് മെഡിക്കൽ സംഘത്തിന് തോന്നിയാലും അവയവദാനം നിയമം വിലക്കുന്നു. പൂർണ മാനസിക ആരോഗ്യമില്ലാത്ത, ജീവിച്ചിരിക്കുന്ന വ്യക്തിയുടെ അവയവം ദാനം ചെയ്യുന്നതിനും വിലക്കുണ്ട്. ഇത്തരക്കാരുടെ രക്ഷാകർത്താക്കൾ നൽകുന്ന അവയവദാന അനുമതിക്ക് സാധുതയില്ല. മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പാടില്ലെന്ന് ഒസ്യത്ത് ചെയ്യുന്നവരുടെ അവയവങ്ങളും ദാനം ചെയ്യാൻ പാടില്ല.
അവയവദാനം നടത്തുന്നവരുടെ അഭിമാന സംരക്ഷണം നിർബന്ധമാണെന്ന് നിയമത്തിലെ പത്താം വകുപ്പ് അനുശാസിക്കുന്നു. ഇത്തരക്കാരെ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ശരീരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനോ പാടില്ല. എട്ടും പത്തും വകുപ്പുകൾ ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആളുകളുടെ രക്തം ഒഴികെയുള്ള ശരീര ഭാഗങ്ങളും കോശങ്ങളും മനുഷ്യ അവയവമായി നിയമാവലി നിർണയിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമല്ലാത്ത നിലയിൽ ഏതു അവയവും ദാനം ചെയ്യാനും ദാനം ചെയ്യുന്നതിന് ഒസ്യത്ത് ചെയ്യാനും നിയമത്തിലെ രണ്ടാം വകുപ്പ് ആളുകളെ അനുവദിക്കുന്നു. പൂർണ തൃപ്തിയോടെയും സമ്മതത്തോടെയും സ്വതന്ത്രമായ തീരുമാനത്തോടെയുമാണ് അവയവം ദാനം ചെയ്യേണ്ടത്. അവയവദാനം നടത്തുന്നവർ പൂർണ ശാരീരിക, മാനസിക ആരോഗ്യമുള്ളവരും തിരിച്ചറിയൽ രേഖ ഉള്ളവരുമാകണം. കൂടാതെ അവയവദാനത്തിനു മുന്നോടിയായ മുഴുവൻ പരിശോധനകളും നടത്തുകയും വേണം.
അവയവദാനം നടത്തുന്നയാളും രോഗിയും തമ്മിൽ കുടുംബ ബന്ധമില്ലെങ്കിൽ ശസ്ത്രക്രിയക്കു ശേഷം മാറ്റിവെക്കുന്ന അവയവം പരാജയപ്പെട്ടാലോ രോഗി മരണപ്പെട്ടാലോ നഷ്ടപരിഹാരം തേടില്ല എന്ന് വ്യക്തമാക്കി ഇരു കുടുംബങ്ങളും കരാർ ഒപ്പുവെക്കുകയും സൗദിയിലെ ഔദ്യോഗിക വകുപ്പുകൾ വഴി ഈ രേഖ സാക്ഷ്യപ്പെടുത്തുകയും വേണം. മരണപ്പെടുന്നവരുടെ അവയവങ്ങൾ നീക്കം ചെയ്യാൻ ഏറ്റവും അടുത്ത അനന്തരാവകാശിയുടെ സമ്മതം ആവശ്യമാണ്. ഏറ്റവും അടുത്ത അനന്തരാവകാശിയെ കണ്ടെത്താൻ സാധിക്കാത്ത പക്ഷം പിന്നീടുള്ള ഏറ്റവും അടുത്ത ബന്ധുവിന്റെ സമ്മതമാണ് വാങ്ങേണ്ടത്. മരണം രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ അവയവദാനത്തിനുള്ള സമ്മതം നേടിയെടുക്കാനുള്ള നടപടികൾ ആരംഭിക്കാൻ പാടുള്ളൂ എന്നും നിയമത്തിലെ മൂന്നാം വകുപ്പ് അനുശാസിക്കുന്നു.
അവയവദാന തീരുമാനത്തിൽനിന്ന് യാതൊരുവിധ ഉപാധികളും കൂടാതെ ഏതു സമയത്തും പിന്തിരിയാൻ നിയമത്തിലെ നാലാം വകുപ്പ് അവയവ ദാതാവിന് അവകാശം നൽകുന്നുണ്ട്. അവയവദാനത്തിനു മുമ്പായി അവയവ ദാതാവിനെ മനഃശാസ്ത്ര ഡോക്ടർമാരും സാമൂഹിക വിദഗ്ധരും നിർബന്ധമായും പരിശോധിച്ച് അവയവദാന തീരുമാനത്തെ നിയമവിരുദ്ധ കാരണങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തൽ നിർബന്ധമാണെന്ന് പതിനഞ്ചാം വകുപ്പും അനുശാസിക്കുന്നു.
 

Latest News