തിരുവനന്തപുരം- കേരളത്തിന് 5000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രധന മന്ത്രാലയം അനുമതി നല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന സംസ്ഥാനത്തിന് വലിയ ആശ്വാസമാകുന്നതാണ് തീരുമാനം. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നത്. അടുത്ത മാസം മുതല്‍ ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മാസം പിന്നിട്ടിട്ടും കേരളത്തിനു വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം എടുത്ത വായ്പയുടെ കണക്കുകളിൽ വ്യക്തത വരുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സിഎജിയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ല.
സാമ്പത്തികവർഷത്തിന്റെ തുടക്കം മുതൽ ഈ മാസം വരെ 4000 കോടിരൂപ കടമെടുക്കാനുള്ള തയാറെടുപ്പുകൾ സംസ്ഥാന സർക്കാർ നടത്തിയിരുന്നു. കടപത്രങ്ങളിലൂടെ വായ്പയെടുക്കാൻ സാധാരണ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ അനുമതി നൽകാറുണ്ട്.ട്രഷറികളിൽ 25 ലക്ഷത്തിലധികം രൂപയുടെ ബില്ലുകള്‍ മാറുന്നതിന് സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.