കെജരിവാള്‍ ഇന്ന് കൊച്ചിയില്‍; ലക്ഷ്യം ബദല്‍ രാഷ്ട്രീയനീക്കം

കൊച്ചി- കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍  ഇന്ന് കൊച്ചിയിലെത്തും. ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 യും തമ്മിലെ സഹകരണം കെജരിവാള്‍  പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളത്തില്‍ കെജരിവാള്‍  പ്രസംഗിക്കും. തൃക്കാക്കരയില്‍ സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടും നാളെയോടെ വ്യക്തമാക്കും.
ദല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനുള്ള കെജരിവാളിന്റെ വരവ്. മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്.
തൃക്കാക്കരയില്‍ ഇനി സംയുക്ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ആകാംക്ഷ. ഇതിനം യുഡിഎഫിന് അനുകൂലമായ സൂചനകളാണ് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് നല്‍കുന്നത്. പഴയ വൈരം വിട്ട കോണ്‍ഗ്രസ് ഇരുകയ്യും നീട്ടി ട്വന്റി 20 യെ സ്വാഗതം ചെയ്തു കഴിഞ്ഞു. സമീപകാലത്തെ എതിര്‍പ്പുകള്‍ മാറ്റി സാബുവിനെ പിണക്കാന്‍ സിപിഎമ്മും തയ്യാറാല്ല. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കുന്ന പരസ്യനിലപാട് സഖ്യം പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. മനസാക്ഷി വോട്ടിനാകും ആഹ്വാനമെന്നാണ് സൂചന. തൃക്കാക്കരക്ക് ശേഷവും സഖ്യം തുടരുന്നതില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല. മത്സരിക്കാത്തതില്‍ ആപ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.
 

Latest News