ദമാം - കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ദഹ്‌റാന്‍ മാളില്‍ വന്‍ അഗ്നിബാധയില്‍ പൂച്ചകളേയും മറ്റു വളര്‍ത്തു മൃഗങ്ങളേയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മാളിനകത്തെ പെറ്റ് സ്‌റ്റോറില്‍നിന്നാണ് അരുമ മൃഗങ്ങളെ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിംഗ് മാളില്‍ തീ പടര്‍ന്നുപിടിച്ചത്. മാളില്‍ നിന്ന് ഉയര്‍ന്ന കനത്ത പുകപടലങ്ങള്‍ അല്‍ഉലയ്യാ ഡിസ്ട്രിക്ടിലും പരിസരപ്രദേശങ്ങളിലും വ്യാപിച്ചിരുന്നു. കനത്ത പുകയും പൊടിപടലങ്ങളും കിലോമീറ്ററുകളോളം ദൂരത്തില്‍ പടര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട കഠിന ശ്രമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് തീയണച്ചു. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളും ഉപയോഗപ്പെടുത്തി.
ഷോപ്പിംഗ് മാളിലെ സീലിംഗ് ഇന്‍സുലേറ്ററുകളിലാണ് തീ പടര്‍ന്നുപിടിച്ചത്. പതിനൊന്നാം നമ്പര്‍ കവാടം മുതല്‍ പതിമൂന്നാം നമ്പര്‍ കവാടം വരെയുള്ള ഭാഗത്തെ സീലിംഗ് ഇന്‍സുലേറ്ററുകള്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സിനു കീഴിലെ പത്തിലേറെ യൂനിറ്റുകളും മറ്റു സര്‍ക്കാര്‍ വകുപ്പുകളും അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു.