ന്യൂദൽഹി- ഇന്ത്യയുമായി ജൂൺ 25ന് ദോഹയിൽ കളിക്കാനിരുന്ന സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽനിന്ന് സാംബിയ പിൻമാറി. മത്സരത്തിൽനിന്ന് പിൻവാങ്ങുന്നതിൽ ഖേദം അറിയിച്ചുള്ള കത്ത് സാംബിയ ഫുട്‌ബോൾ ഫെഡറേഷൻ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് കൈമാറി. ഇന്ത്യയുമായുള്ള സൗഹൃദമത്സരത്തിന് ഒരുക്കമാണെന്ന് അറിയിച്ച് മൂന്നു ദിവസം മുമ്പാണ് സാംബിയ ഫുട്‌ബോൾ ഫെഡറേഷൻ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് കത്തയച്ചത്.
ഫുട്‌ബോൾ മത്സരത്തിന് കളിക്കാരെ സജ്ജമാക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ട കാര്യം സങ്കടത്തോടെ അറിയിക്കുകയാണെന്ന് സാംബിയ ഫുട്‌ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്രിയാൻ കശാല എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസിന് അയച്ച കത്തിൽ വ്യക്തമാക്കി. ദേശീയ താരങ്ങളിൽ ഭൂരിഭാഗം പേർക്കും സീസൺ അവസാനിക്കുന്ന സമയമായതിനാൽ കളിയുണ്ടെന്നും ഇവരെ മത്സരത്തിന് എത്തിക്കാൻ കഴിയില്ലെന്നും സാംബിയ ഫുട്‌ബോൾ ഫെഡറേഷൻ പറഞ്ഞു. നിലവിൽ തീരുമാനിച്ച ദിവസത്തിൽ കളി സംഘടിപ്പിക്കാനാകില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും വരാനിരിക്കുന്ന സൗഹൃദമത്സരങ്ങളിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതായും സാംബിയ ഫുട്‌ബോൾ ഫെഡറേഷൻ കത്തിൽ ചൂണ്ടിക്കാട്ടി.