മലപ്പുറം- ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ സി.പി.എം പ്രാദേശിക നേതാവും നഗരസഭാംഗവുമായ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സ്‌കൂളിലെ അറുപതോളം പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് ശശികുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതികളില്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശശികുമാര്‍ ഒളിവിലാണ്.
ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കൂളില്‍നിന്ന് വിരമിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമത്തില്‍ ശശികുമാര്‍ പങ്കുവെച്ച പോസ്റ്റിന്റെ തുടര്‍ച്ചയായാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്. തുടര്‍ച്ചയായി മൂന്ന് തവണ സി.പി.എം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാര്‍ പതിനൊന്നാ വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുളള അംഗമായിരുന്നു.