നിലമ്പൂര്‍- ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന്‍ ഷബാ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കി. ഷൈബിന്റെ ബിസിനസ് പങ്കാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിലും പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിലമ്പൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ നിന്നും ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട ദിവസം താന്‍ മുക്കട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് ഭാര്യയുടെ മൊഴി. വൈദ്യനെ ചങ്ങലയില്‍ ബന്ധിച്ച് പീഠിപ്പിച്ചിരുന്നത് കണ്ടിരുന്നതായും ഇവര്‍ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ ഭാര്യയേയും കൂടെ പോലീസ് പ്രതി ചേര്‍ത്തേക്കും. വൈദ്യന്റെ കൊലപാതകത്തോടൊപ്പം മറ്റു രണ്ട് ദുരൂഹ മരണത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കം സ്വദേശിയും, എറണാകുളം സ്വദേശിയും വിദേശത്ത് വെച്ച് മരിച്ച സംഭവങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതിനായി പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ നൗഷാദിനെ ഇന്ന് കൊലപാതകം നടന്ന നിലമ്പൂരിലെ വീട്ടിലും, മൃതദേഹം തള്ളി എന്ന് പറയപ്പെടുന്ന എടവണ്ണ പാലത്തില്‍ എത്തിച്ചും പോലീസ് തെളിവെടുക്കും. മുഖ്യ പ്രതി ഷൈബിന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരേയും വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും.