ജിദ്ദ - സൗദി ബിൻ ലാദിൻ ഗ്രൂപ്പിനു കീഴിലെ ജീവനക്കാരായ ഈജിപ്തുകാരുടെ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ഏപ്രിൽ എട്ടു മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. കമ്പനിയിൽ അവശേഷിക്കുന്ന ഈജിപ്ഷ്യൻ തൊഴിലാളികളുടെ വേതന കുടിശ്ശികയും ജോലി അവസാനിപ്പിച്ചവരുടെ സർവീസ് ആനുകൂല്യവും വേഗത്തിൽ വിതരണം ചെയ്യുന്നതിനെ കുറിച്ച് ബിൻ ലാദിൻ ഗ്രൂപ്പിലെ മാനവശേഷി വിഭാഗം അധികൃതരുമായി ജിദ്ദ ഈജിപ്ഷ്യൻ കോൺസുലേറ്റ് അധികൃതർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇക്കാര്യം ഈജിപ്ഷ്യൻ മാനവശേഷി വകുപ്പ് മന്ത്രി മുഹമ്മദ് സഅ്ഫാനെ ഈജിപ്ഷ്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 28 വരെയുള്ള മുഴുവൻ വേതന കുടിശ്ശികയും കമ്പനിയിലെ ജോലി അവസാനിപ്പിച്ചവരുടെ സർവീസ് ആനുകൂല്യവും വിതരണം ചെയ്തു തുടങ്ങുന്നതിന് ബിൻ ലാദിൻ ഗ്രൂപ്പ് അധികൃതരുമായി കോൺസുലേറ്റ് ഉദ്യോഗസ്ഥർ ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പുനൽകി കമ്പനി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വേതന വിതരണം വൈകിയത് സഹിച്ച തൊഴിലാളികൾക്ക് കമ്പനി മാനവ ശേഷി വിഭാഗം നന്ദി പറഞ്ഞു.