Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ വേദിയില്‍ വിലക്കിയ സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം- മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ വിദ്യാര്‍ഥിനിയെ വിലക്കിയ സമസ്ത നേതാവിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം.

 

Latest News