റിയാദ് - നാഷണൽ അഡ്രസ് ചേർത്ത് വിവരങ്ങൾ പുതുക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കില്ലെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി വ്യക്തമാക്കി. അക്കൗണ്ടുകൾ മരവിപ്പിക്കില്ലെങ്കിലും നാഷണൽ അഡ്രസ് ചേർത്ത് ഉപയോക്താക്കൾ വിവരങ്ങൾ പുതുക്കുന്നതാണ് അഭികാമ്യം. ബാങ്കുകൾ നൽകുന്ന പുതിയ സേവനങ്ങൾ ലഭിക്കുന്നതിനും സുഗമമായ ബാങ്കിംഗ് ഇടപാടുകൾക്കും വിവരങ്ങൾ പുതുക്കേണ്ടത് ആവശ്യമാണെന്ന് കമ്മിറ്റി പറഞ്ഞു.
സൗദി പോസ്റ്റിന്റെ നാഷണൽ അഡ്രസിൽ രജിസ്റ്റർ ചെയ്ത് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവവരങ്ങൾ പുതുക്കാത്തവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് സാമൂഹികമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വിവരങ്ങൾ പുതുക്കാത്തവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കില്ലെന്ന് മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി വ്യക്തമാക്കിയത്. നേരത്തെയും ഇക്കാര്യം കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷവും അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന നിലയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.