Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 41 രാജ്യദ്രോഹക്കേസ്, മിക്കതിലും യു.എ.പി.എ.യും

തിരുവനന്തപുരം-: രാജ്യദ്രോഹക്കുറ്റക്കേസുകള്‍ സുപ്രീംകോടതി മരവിപ്പിച്ചതോടെ കേരളത്തില്‍ നിലവിലുള്ള 41 കേസുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.ഭൂരിഭാഗവും മറ്റു കേസുകള്‍ക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഒരു കോളേജ് വിദ്യാര്‍ഥിയുടെപേരില്‍ രാജ്യദ്രോഹക്കുറ്റം മാത്രം ചുമത്തിയ കേസും നിലനില്‍ക്കുന്നുണ്ട്. മാവോവാദിസാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മിക്ക കേസുകളും.
വയനാട് ജില്ലയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 കേസുകളുണ്ട്. കണ്ണൂരില്‍ ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഓരോ കേസുകളിലുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പല കേസുകളും വിചാരണാഘട്ടത്തിലുമാണ്.
യു.എ.പി.എ. ഉള്‍പ്പടെയുള്ള കേസുകള്‍ക്കൊപ്പമാണ് 40 കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതിനാല്‍ ഈ വകുപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന നടത്തിയാലും കേസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ മാത്രം ജാമ്യത്തിന് കോടതിയെ സമീപിക്കാനാകും.
കണ്ണൂര്‍ കേളകത്ത് നടന്ന മാവോവാദി പ്രവര്‍ത്തനങ്ങളുടെപേരില്‍ എടുത്ത കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെയുള്ള ഒട്ടേറെ വകുപ്പുകളാണ് ചുമത്തിയത്. 2015ല്‍ കോഴിക്കോട്ട് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖ വിതരണം ചെയ്തവരുടെപേരില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്.
2016ല്‍ എറണാകുളത്ത് മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ കൊലപ്പെടുത്തുമെന്ന് വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയ ആളുടെപേരിലും രാജ്യദ്രോഹക്കുറ്റവും ഉള്‍പ്പെടുത്തി കേസെടുത്തിരുന്നു. തൃശൂരില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കത്തക്ക തരത്തിലുള്ള പോസ്റ്റര്‍ പതിച്ചുവെന്ന് ആരോപിച്ച് ഒരു വ്യക്തിയുടെപേരില്‍ യു.എ.പി.എ., രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി.
മലപ്പുറം ജില്ലയിലെ ഒരു കോളേജിന്റെ വരാന്തയില്‍ രാജ്യവിരുദ്ധമായ പോസ്റ്റര്‍ പതിച്ചുവെന്ന പ്രിന്‍സിപ്പലിന്റെ പരാതിയില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയുടെപേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജ്യദ്രോഹക്കുറ്റംമാത്രം ചുമത്തിയിരുന്നു. പിന്നീട് ജാമ്യം കിട്ടി.
 

Latest News