തിരുവനന്തപുരം- അതത് വർഷം ജൂൺ ഒന്നിന് അഞ്ചുവയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാംക്ലാസിൽ പ്രവേശനത്തിന് അർഹതയുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്കൂൾമാന്വലിന്റെ കരട് വ്യക്തമാക്കുന്നു. മൂന്നാംവയസ്സിൽ ആരംഭിക്കുന്ന പ്രീ-സ്കൂൾ പഠനത്തിനുശേഷമാവണം പ്രൈമറി ക്ലാസുകളിലെ പ്രവേശനമെന്നാണ് ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നത്. ഭിന്നശേഷിക്കാർക്ക് 18 വയസ്സുവരെ സ്കൂൾപ്രവേശനത്തിന് അനുമതി നൽകും.
മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്ത കരടിൽ പൊതുവിദ്യാഭ്യാസവകുപ്പ് പ്രാഥമിക ചർച്ച ആരംഭിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജീവൻ ബാബു, അധ്യാപകസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളിൽ മലയാളത്തിന് ഒരു ഡിവിഷൻ നിർബന്ധമായിരിക്കണമെന്നും ഇംഗ്ലീഷ് മീഡിയം ആരംഭിക്കണമെങ്കിൽ 30 കുട്ടികളുണ്ടാകണമെന്നും കരട് മാന്വൽ നിർദേശിക്കുന്നു. തുടർവർഷങ്ങളിൽ കുട്ടികൾ കുറഞ്ഞാലും ക്ലാസ് നടത്താം. 60 കുട്ടികളുണ്ടെങ്കിൽ രണ്ടുഡിവിഷൻ ആരംഭിക്കാം. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് പുതുതായി ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കുക.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ ഒരു ഫീസും ഈടാക്കരുത്. ഒമ്പത്, 10 ക്ലാസുകളിൽ അഡ്മിഷൻഫീസും സ്പെഷ്യൽഫീസും ഈടാക്കാം. ഹയർസെക്കൻഡറിയിലെ ഫീസ് നിരക്ക് അതത്‌വർഷത്തെ പ്രോസ്‌പെക്ടസിൽ വ്യക്തമാക്കണം.