തിരുവനന്തപുരം- പെണ്‍കുട്ടി സ്‌റ്റേജിലേക്ക് വരുന്നത് വിലക്കിയ സമസ്ത നേതാവിനെതിരെ പ്രതിഷേധവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ക്ഷണിച്ചത് പ്രകാരം വേദിയിലെത്തി പുരസ്‌കാരം വാങ്ങിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവം സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ അര്‍ഹതപ്പെട്ട അവാര്‍ഡ് വാങ്ങുന്നതിനിടയില്‍ മലപ്പുറം ജില്ലയില്‍ പ്രതിഭാശാലിയായ ഒരു പെണ്‍കുട്ടി വേദിയില്‍ അപമാനിക്കപ്പെട്ടുവെന്നറിയുന്നതില്‍ സങ്കടമുണ്ട്. ഖുര്‍ആന്റെ ശാസനകള്‍ക്കും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കും വിരുദ്ധമായി മുസ്‌ലിം പുരോഹിതന്മാര്‍ മുസ്‌ലിം സ്ത്രീകളെ പൊതുയിടത്തില്‍നിന്ന് മാറ്റുകയും അവരുടെ വ്യക്തിത്വത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വേദിയിലേക്ക് വിളിച്ചതില്‍ സമസ്ത നേതാവ് ക്ഷുഭിതനാകുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ച പെണ്‍കുട്ടി അവാര്‍ഡ് സ്വീകരിച്ചതിനുശേഷമാണ് സമസ്ത നേതാവ് ക്ഷുഭിതനായത്.
വീഡിയോ പുറത്തായതോടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.