Sorry, you need to enable JavaScript to visit this website.

തൃക്കാക്കരയിൽ ട്വന്റി ട്വന്റി എൽ.ഡി.എഫ് വിരുദ്ധ നിലപാടിലേക്കെന്ന് സൂചന

കൊച്ചി- തൃക്കാക്കരയിൽ ട്വന്റി ട്വന്റി യു ഡി എഫിനൊപ്പമാണെന്ന സൂചന നൽകി ട്വന്റി ട്വന്റി കോ ഓർഡിനേറ്ററും കിറ്റെക്‌സ് എം .ഡിയുമായ സാബു .എം ജേക്കബ്. ഇടതുവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ റയിലും കൊലപാതക രാഷ്ട്രീയവും ചർച്ചയാകുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിൽ കാണാൻ പോകുന്നത്. എന്നാൽ ട്വന്റി ട്വന്റിയും വി.ഡി സതീശനുമായി രഹസ്യ ഡീൽ ഉണ്ടെന്ന പി .വി ശ്രീനിജൻ എം .എൽ എയുടെ ആരോപണം അദ്ദേഹം തള്ളി. ശരീരം കൊണ്ട് സി.പി.എമ്മിലാണെങ്കിലും മനസ്സുകൊണ്ട് ശ്രീനിജൻ കോൺഗ്രസ്സുകാരനാണെന്നും ബുദ്ധിയുള്ള ആരെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയുള്ള ഒരു ആരോപണം ഉന്നയിക്കുമോ എന്നും സാബു എം. ജേക്കബ് ചോദിച്ചു. 
തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആണെന്നാണ് പി വി ശ്രീനിജൻ ആരോപിച്ചത്. വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്. അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെങ്കിൽ പി ടിയുടെ ആത്മാവ് കോൺഗ്രസ്സുകാരോട് പൊറുക്കില്ലെന്നും ശ്രീനിജൻ പറഞ്ഞു.
എന്നാൽ ട്വന്റി ട്വന്റിയുമായി യു ഡി എഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിശദീകരിച്ചു. ശ്രീനിജൻ എം എൽ എയെ ആയുധമാക്കി കിറ്റക്‌സ് എന്ന സ്ഥാപനത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യു .ഡി .എഫ് കൂട്ടുനിൽക്കില്ലെന്നും വി .ഡി സതീശൻ വ്യക്താക്കി. ട്വന്റി ട്വന്റിയും ആം ആദ്മിയും മൽസരിക്കാത്തതിനെ സ്വാഗതം ചെയ്യുകയാണ്. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
അതേസമയം തൃക്കാക്കരയിൽ ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും സ്ഥാനാർഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ആര് സ്ഥാനാർഥിയെ നിർത്തിയാലും ഇല്ലെങ്കിലും തൃക്കാക്കരയിൽ ജയം ഉറപ്പാണെന്നും യു .ഡി .എഫ് സ്ഥാനാർഥി ഉമ തോമസ് പ്രതികരിച്ചു.

Latest News