Sorry, you need to enable JavaScript to visit this website.

ഹലാൽ ആക്രമണം; ആർ.എസ്.എസുകാരനെ ഇൻഡസ് മോട്ടോഴ്‌സ് പുറത്താക്കി

കോഴിക്കോട്- ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ ആർ.എസ്.എസുകാരനും ഒന്നാം പ്രതിയുമായ മേപ്പയൂർ സ്വദേശി പ്രസൂണിനെ സസ്‌പെൻഡ് ചെയ്ത് ഇൻഡസ് മോട്ടോഴ്‌സ്. കമ്പനിയുടെ കുറ്റിയാടി ബ്രാഞ്ച് മാനേജർ (ടെറിറ്റോറിയൽ ഹെഡ്) ആണ് പ്രസൂൺ.
ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി കമ്പനി അധികതർ പറഞ്ഞു. ഇയാൾ ഒരു ക്രിമിനൽ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇൻഡസ് മോട്ടോഴ്‌സിന്റെ ചട്ട പ്രകാരം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയാണ് ആദ്യ നടപടി. 
തുടർന്ന് കമ്പനിയുടെ അന്വേഷണ ശേഷവും പിന്നീടുള്ള പോലീസ് കോടതി നടപടിയും കണക്കിലെടുത്ത് അന്തിമ തീരുമാനം പിന്നീടെടുക്കുമെന്നും അവർ അറിയിച്ചു.


സംഭവത്തിൽ ഒന്നാം പ്രതിയാണ് മേപ്പയൂർ മഠത്തുംഭാഗം സ്വദേശി പ്രണവ് ഹൗസിൽ പ്രസൂൺ നാരായണൻ. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട രണ്ടാം പ്രതിയായ ഹരികൃഷ്ണനെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സാക്ഷികളുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നം എസ്.ഐ പറഞ്ഞു.
പ്രതികൾക്കെതിരെ ഐ.പി.സി 308 (വധശ്രമം), 341 (തടഞ്ഞുവെക്കൽ), 323 (ദേഹോപദ്രവം ഏൽപ്പിക്കൽ), 324 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ആളുകൾക്കിടയിൽ വിദ്വേഷം ജനിപ്പിച്ച് ലഹള ഉണ്ടാക്കാനെന്ന ഉദ്ദേശ്യത്തോടെയാണ് അതിക്രമം നടത്തിയതെന്ന് എഫ്.ഐ.ആറിൽ ഉണ്ടായിട്ടും പ്രതികൾക്കെതിരെ കലാപശ്രമ വകുപ്പ് ചുമത്താത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.


ഞായറാഴ്ച വൈകീട്ടോടെ പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർ മാർക്കറ്റിലായിരുന്നു സംഭവം. നാലു പേരടങ്ങുന്ന സംഘമെത്തി ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഇവിടെ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളിൽ ഹലാൽ സ്റ്റിക്കർ പതിച്ചിരുന്നു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരെ മർദിക്കുകയായിരുന്നു. അക്രമികൾ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് സൂപ്പർമാർക്കറ്റിലെത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Latest News