റിയാദ് - സെക്രട്ടറി തസ്തികകള്‍ 100 ശതമാനം സൗദിവല്‍ക്കരിക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തീരുമാനം വിവേകശൂന്യമാണെന്ന് മാനവവിഭവശേഷി വിദഗ്ധനായ മാജിദ് അല്‍ ഗായിഥ്. സെക്രട്ടറി അടക്കം നാലു തൊഴിലുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള മന്ത്രാലയ തീരുമാനം ഞായറാഴ്ച മുതല്‍ നിലവില്‍വന്നിട്ടുണ്ട്. ഈ തൊഴിലുകളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയത് സ്വദേശികളെ ജോലിക്കു വെക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ഈ തീരുമാനം യുക്തിസഹവുമല്ല.
സ്വകാര്യ സ്ഥാപനങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലാണ് ചിന്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എല്ലാ ജോലികളും അറിയുന്നവരാകും. സെക്രട്ടറി ജോലിയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക വഴി ഇതേ ജോലി നിര്‍വഹിക്കാന്‍ മറ്റൊരു പ്രൊഫഷനില്‍ വിദേശികളെ ജോലിക്കു വെക്കുകയാകും സ്വകാര്യ സ്ഥാപനങ്ങള്‍ ചെയ്യുക. സെക്രട്ടറിമാര്‍ വാസ്തവത്തില്‍ സെക്രട്ടറി ജോലികളല്ല നിര്‍വഹിക്കുന്നത്. സ്ഥാപനത്തിലെ ജോലിയുടെ അളവിനും വൈവിധ്യത്തിനും അനുസരിച്ച് വിവര്‍ത്തകന്‍, അക്കൗണ്ടന്റ് എന്നിവ അടക്കം ഏതാനും ജോലികള്‍ അവര്‍ നിര്‍വഹിക്കുന്നു.
ഏതു തൊഴിലിന്റെ പേരിലും ജോലി ചെയ്യുന്നവര്‍ അതേ ജോലി മാത്രം നിര്‍വഹിക്കുക അത്യപൂര്‍വമാണ്. അക്കൗണ്ടന്റുമാര്‍ കണക്കുകള്‍ക്കു പുറമെ മറ്റു ജോലികളും നിര്‍വഹിക്കുന്നു. ചെറിയ സ്ഥാപനങ്ങളില്‍ ഒരാള്‍ തന്നെ വ്യത്യസ്ത ജോലികള്‍ ചെയ്യേണ്ടിവരും. ഏതു പ്രൊഫഷനുകളിലും വിദേശികളുടെ അനുപാതം കുറക്കുകയും സ്വദേശികളെ നിയമിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുമാണ് വേണ്ടത്. സ്വദേശികളെ നിയമിക്കാന്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ച് നിര്‍ബന്ധിത സൗദിവല്‍ക്കരണ അനുപാതം 100 ശതമാനത്തില്‍ നിന്ന് കുറക്കുകയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന മികച്ച പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.