ജിദ്ദ - മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് സൗദിയിൽനിന്ന് മടങ്ങുന്ന കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) സെക്രട്ടറി ടോമി പുന്നനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബോബി ജോസഫിനും അസോസിയേഷൻ യാത്രയയപ്പ് നൽകി.
കോട്ടയം അമ്മഞ്ചേരി സ്വദേശിയായ ടോമി പുന്നൻ 29 വർഷമായി ജിദ്ദയിലുണ്ട്. അൽ സാമിൽ കമ്പനിയിൽ എയർകണ്ടീഷണർ വിഭാഗത്തിൽ സൂപ്പർവൈസറായിരിക്കെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സ് അനീനയാണ് ഭാര്യ. ഫിയോണ, ഫിനിക്‌സ്, ഫ്രിറ്റ്‌സ്, ഫെറിസ് എന്നിവരാണ് മക്കൾ.
30 വർഷമായി ജിദ്ദയിൽ ഗൾഫ് മെയ്ഡ് കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പുത്തനങ്ങാടി സ്വദേശിയായ ബോബി തോമസ് പ്രൊഡക്ഷൻ സൂപ്പർവൈസറാണ്. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായാണ് സൗദിയിലെ പ്രവാസ ജീവിതം മതിയാക്കുന്നത്. കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ മെർളിയാണ് ഭാര്യ. നിഷി, ഷോൺ എന്നിവരാണ് മക്കൾ.
ചെയർമാൻ നിസാർ യൂസുഫ്, പ്രസിഡന്റ് ദാസ്‌മോൻ തോമസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അനിൽ നായർ, പ്രസൂൺ ദിവാകരൻ, ബെന്നി തോമസ്, അനീസ് മുഹമ്മദ്, കെ.എസ്.എ. റസാഖ് കാഞ്ഞിരപ്പള്ളി, സാജിദ് ഈരാറ്റുപേട്ട, സിദ്ധീഖ് അബ്ദുറഹീം, പ്രശാന്ത് തമ്പി, ദർശൻ മാത്യു, ജോസ്‌മോൻ ജോർജ് എന്നിവർ ആശംസയർപ്പിച്ചു. ടോമി പുന്നനും ബോബി തോമസും ആശംസകൾക്ക് നന്ദി പറഞ്ഞു.
ടോമി പുന്നനുള്ള ഉപഹാരം പ്രസിഡന്റ് ദാസ്‌മോൻ തോമസും ബോബി ജോസഫിന് ചെയർമാൻ നിസാർ യൂസുഫും കൈമാറി.