Sorry, you need to enable JavaScript to visit this website.

ഡ്രൈവറും കണ്ടക്ടറും മുങ്ങി, സ്വിഫ്റ്റ് ബസ് യാത്രക്കാര്‍ മണിക്കൂറുകള്‍ കുടുങ്ങി, നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട- പത്തനംതിട്ട ഡിപ്പോയില്‍ നിന്നു കഴിഞ്ഞ ദിവസം കെ സ്വിഫ്റ്റ് ബസ് പുറപ്പെടാന്‍ വൈകിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ.

എ.ടി.ഒ സംഭവത്തില്‍ മാനേജ്‌മെന്റിനോട് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ സ്ഥാപനത്തിന് അപകീര്‍ത്തി വരുത്തുകയും ജോലിയില്‍ വീഴ്ച വരുത്തിയാതായും എ.ടി.ഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട ഡിപ്പോയില്‍നിന്നു മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരാണ് ഡ്രൈവറും കണ്ടക്ടറും ഡ്യൂട്ടിക്ക് വരാതിരുന്നതോടെ കുടുങ്ങിയത്.

നാല് മണിക്ക് ഇവര്‍ ഡ്യൂട്ടിയില്‍ കയറേണ്ടതായിരുന്നെങ്കിലും ഇരുവരും വന്നില്ല. ബസ് ജീവനക്കാരെ കാണാതായതോടെ ഉദ്യോഗസ്ഥര്‍ ഇവരുടെ ഫോണുകളിലേക്ക് വിളിച്ചെങ്കിലും ഇവ സ്വിച്ച് ചെയ്ത നിലയിലായിരുന്നു. ഇതോടെ പ്രകോപിതരായ യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷക്ക് പോവുകയായിരുന്ന ഉദ്യോഗാര്‍ഥികളുള്‍പ്പെടെ 25ഓളം പേരാണ്  സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നത്. ബസ് ഡിപ്പോയില്‍ നിന്നും എടുക്കാന്‍ വൈകിയതോടെ  ബസില്‍ ടിക്കറ്റെടുത്ത് സീറ്റ് ബുക്ക് ചെയ്ത് മറ്റ് സ്റ്റാന്‍ഡുകളില്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരും വലഞ്ഞു.

ബസ് വൈകിയതില്‍ പ്രതിഷേധിച്ച് ബഹളം വെച്ച യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ നിന്നും മറ്റ് ബസുകള്‍ പോകുന്നതും തടഞ്ഞതോടെ ഡിപ്പോ അധികൃതരും കുടുങ്ങി. ബഹളത്തിനിടെ മറ്റ് സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആരും വരാന്‍ തയാറായില്ല.

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാര്‍ സ്വിഫ്റ്റ് ബസ് ജീവനക്കാര്‍ തന്നെ വണ്ടിയെടുക്കെട്ടെയെന്ന നിലപാടെടുത്തതോടെ യാത്രക്കാര്‍ വഴിയാധാരമാകുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് ഡിപ്പോ അധികൃതര്‍ പത്തനാപുരത്തെ ഡിപ്പോയില്‍ ബന്ധപ്പെട്ടു. ഇവിടെനിന്നു രണ്ട് പേര്‍ വരാമെന്ന് സമ്മതിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന ബസ് ഒടുവില്‍ രാത്രി ഒമ്പതരയോടെയാണ് പുറപ്പെട്ടത്.

സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി വിശദീകരണം തേടിയിരുന്നു.

 

Latest News