ഇടുക്കി- മനുഷ്യ സ്‌നേഹത്തിന്റെ തിരിനാളങ്ങൾ കെടാതെ സൂക്ഷിക്കുകയാണ് കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് കമ്മിറ്റി. ആസൂത്രണ മികവിലൂടെയും സാമ്പത്തിക അച്ചടക്കത്തിലൂടെയും ഫെസ്റ്റ് സംഘടിപ്പിച്ച് മിച്ചം പിടിച്ച പണം കൊണ്ട് വീട് വച്ച് നൽകി മാതൃകയാവുകയാണ് കാൽവരി മൗണ്ടിലെ കൂട്ടായ്മ. നാല് ലക്ഷം രൂപയാണ് ഫെസ്റ്റിലൂടെ മിച്ചം പിടിച്ചത്.
ഈ തുക കൊണ്ട് നിർധന കുടുംബത്തിന് വീട് വച്ചു നൽകാൻ ഫെസ്റ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഫെസ്റ്റ് നഗരിക്കടുത്ത് തന്നെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ കൂരയിൽ കൊടും വേനലിലും കൊടിയ മഴയത്തും കിടന്നുറങ്ങിയ അഞ്ച് ജീവനുകൾക്ക് തലചായ്ക്കാൻ അവർ വീടൊരുക്കി. കാൽവരി മൗണ്ട് അൽഫോൺസാ നഗർ പുളിക്കതോട്ടത്തിൽ ബിനോയി- സാലി ദമ്പതികൾക്കാണ് വീട് നിർമിച്ചു നൽകിയത്. ഫെസ്റ്റ് കമ്മിറ്റി ജനറൽ കൺവീനറായി പ്രവർത്തിച്ച സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ,കെ.ജെ ഷൈൻ, എം.വി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നര ലക്ഷം രൂപ കൂടി അധികമായി സമാഹരിച്ച് അഞ്ചര ലക്ഷം രൂപയുടെ വീടാണ് നിർമ്മിച്ചു നൽകിയത്. 2018 ലെ പ്രളയം ഉൾപ്പെടെ 6 വർഷം പടുതഷെഡിലാണ് ഈ കുടുംബം അന്തിയുറങ്ങിയത്. വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണീച്ചറുകളും വാങ്ങി നൽകാനും ഫെസ്റ്റ് കമ്മിറ്റി മറന്നില്ല. എം.എം മണി എം എൽ എ താക്കോൽ കുടുംബത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാൽവരി മൗണ്ട് ചർച്ച് വികാരി ഫാദർ ജോർജ് മാരിപ്പാട്ട് ആശംസകൾ അർപ്പിച്ചു.