തൃശൂര്‍- പൂരത്തിനായി പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുടയെ ചൊല്ലി വിവാദം. കുടമാറ്റത്തിനായി തയാറാക്കിയ സ്വാതന്ത്ര്യസമര നേതാക്കളുടേയും നവോത്ഥാന നായകരുടേയും ചിത്രങ്ങള്‍ക്കൊപ്പമാണ് വി.ഡി സവര്‍ക്കറും ഇടംപിടിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.
കുട പുറത്തിറക്കിയതിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, എ.ഐ.എസ്.എഫും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പാറമേക്കാവിന്റെ വിശദീകരണം. വിവാദത്തെ തുടര്‍ന്ന് ചമയപ്രദര്‍ശനത്തില്‍നിന്ന് കുട ഒഴിവാക്കി.
തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിലൂടെ സംഘപരിവാര്‍ അജണ്ട തുടങ്ങിവെക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പ്രമോദ് ചൂരങ്ങാട് ആരോപിച്ചു. സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവര്‍കറുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലും വിമര്‍ശിച്ചു.