കോഴിക്കോട്- തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇരുമുന്നണികള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റിന് സാധിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ ഇരട്ടനീതി പ്രശ്‌നം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെ ജനവിധിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മതഭീകരതക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും തൃക്കാക്കരയില്‍ ചര്‍ച്ചയാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ സില്‍വര്‍ലൈന്‍ വരാത്തത് മോഡി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. അത് തൃക്കാക്കരയിലെ ജനങ്ങള്‍ക്കറിയാം. നരേന്ദ്രമോഡി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ബി.ജെ.പി ഉയര്‍ത്തി കാണിക്കും. എറണാകുളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വോട്ടര്‍മാര്‍ക്ക് കൃത്യമായി അറിയാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.