Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ തനതു കലകളെക്കുറിച്ച് സ്‌കൂളുകളിൽ പഠിപ്പിക്കണം -അടൂർ

കൊച്ചി- കേരളത്തിന്റെ മണ്ണിൽ മുളച്ചു വളർന്ന കലാരൂപങ്ങളെക്കുറിച്ച് സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച ആർ.നന്ദകുമാറിന്റെ സമകാലീന കലയെക്കുറിച്ചുള്ള ലേഖന സമാഹാരം 'ഇൻസൈറ്റ് ആന്റ് ഔട്ട്‌ലുക്ക്' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളീയ വാസ്തുശിൽപം ബാക്കി നിൽക്കുന്നത് ക്ഷേത്രങ്ങളിൽ മാത്രമാണെന്ന് അടൂർ പറഞ്ഞു. അമ്പല വളപ്പുകളിലെ അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങൾ ക്ഷേത്രസങ്കൽപം ഇല്ലാതാക്കുകയാണ്. ചിത്രകലയെക്കുറിച്ച് വളരെ കുറച്ച് പുസ്തകങ്ങൾ മാത്രമേയുള്ളൂ. രാജാ രവിവർമ്മയെക്കുറിച്ച് പോലും ഇന്നത്തെ കുട്ടികൾക്ക് അറിയില്ല. വിദേശങ്ങളിൽ മറ്റ് കലയെപ്പോലെ തന്നെ സമകാലീന കലാരൂപങ്ങളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുന്നു. 
ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാടക രൂപമായ കൂടിയാട്ടത്തെക്കുറിച്ച് പോലും ആർക്കുമറിയില്ല. ഇതൊക്കെ മാറ്റിയെടുക്കണം. തെയ്യങ്ങളുടെ മുഖമെഴുത്തിനെക്കുറിച്ച് പഠനങ്ങൾ നടക്കണമെന്നും അടൂർ പറഞ്ഞു. 
പ്രശസ്ത ദൃശ്യ കലാകാരി പുഷ്പമാല.എൻ പുസ്തകം ഏറ്റുവാങ്ങി. 'കലയിലെ സിദ്ധാന്തവും പ്രയോഗവും വിമർശനാത്മകമായ ഇടപെടൽ' എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു.
സമകാലീന കലയുമായി ബന്ധപ്പെട്ട പ്രസാധന രംഗം ശക്തിപ്പെടുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. സമകാലീന കലയുമായി ബന്ധപ്പെട്ട പ്രസാധന രംഗം സജീവമല്ലെന്നത് കണക്കിലെടുത്താണിത്. ഡിജിറ്റൽ സാങ്കേതിക വിദ്യ വായനാ സംസ്‌ക്കാരത്തെ മാറ്റി മറിച്ചെങ്കിലും പുസ്തകങ്ങളുടെ പ്രാധാന്യം മാറുന്നില്ല. പുസ്തകം പ്രകാശനം ചെയ്യുന്നതിനോടൊപ്പം അതിനെക്കുറിച്ച് വിശദമായ ചർച്ചയും വേണം. കൂടുതൽ ജനങ്ങളിലേക്ക് പുസ്തകങ്ങളെത്താൻ ഇത്തരം ചർച്ച സഹായിക്കുമെന്നും മുരളി ചീരോത്ത് പറഞ്ഞു.
പ്രൊഫ. ആർ.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീ കൃഷ്ണൻ സ്വാഗതവും കലാ സംവിധായകൻ അജി അടൂർ നന്ദിയും പ്രകാശിപ്പിച്ചു. നിരൂപകൻ എം.രാമചന്ദ്രൻ, നിരൂപകനും എഴുത്തുകാരനുമായ ബിപിൻ ബാലചന്ദ്രൻ, പുഷ്പമാല.എൻ, ആർ.നന്ദകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 

Latest News