Sorry, you need to enable JavaScript to visit this website.

എത്രകാലം മുഖം തിരിഞ്ഞിരിക്കും; മുസ്ലിംകളോട് പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്-ഇനിയും എത്ര കാലം ഇങ്ങനെ മുഖം തിരിഞ്ഞിരിക്കുവാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് മുസ്‌ലിം സമൂഹം ഗൗരവമായി ചിന്തിക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശീധരന്‍പിള്ള.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എ.പി അബ്ദുല്ലക്കുട്ടി ക്ക് നല്‍കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിനപ്പുറമായാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പോലുള്ളവയെ കാണേണ്ടത്. രണ്ട് മുസ്‌ലിം തീവ്രവാദ സംഘടനകള്‍ എടുക്കുന്ന നിലപാടിനോട് സമാനമായ രീതിയില്‍  മറ്റു മുസ്‌ലിം സംഘടനകളും നിലപാടെടുത്താല്‍ എന്തായിരിക്കും സ്ഥിതിയെന്ന് മനസ്സിലാക്കണം.
സമുദായത്തിനു വേണ്ടി ഭരണകൂടവുമായി പൊരുത്തപ്പെട്ടു പോകാമെന്ന്  കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ വാജ്‌പേയ് പ്രധാനമന്ത്രിയായ സമയത്ത് പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കുകയാണ്.
ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയതിനാണ് അബ്ദുല്ലക്കുട്ടിക്ക് ഒരു പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നത്. അതേ പാര്‍ട്ടി ഭരിക്കുന്ന ഒരു ഗവണ്‍മെന്റ് പ്രതിനിധിക്ക് തന്നെ ഇപ്പോള്‍ ആ മോഡല്‍ പഠിക്കുവാന്‍ സന്ദര്‍ശിക്കേണ്ടി വന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ കേരളത്തില്‍ വന്ന മോഡിയോടൊപ്പം വേദി പങ്കിട്ടില്ലെന്ന് പറഞ്ഞവര്‍ പ്രധാന മന്ത്രിയുടെ അപ്പോയിമെന്റിനായി എഴുതി കൊടുത്തു കാത്തു നില്‍ക്കുമ്പോള്‍, ഞങ്ങള്‍ക്ക് കാണേണ്ടെന്ന തീരുമാനമെടുക്കുവാന്‍ പറ്റുമേ യെന്ന് നാം ചിന്തിക്കണം. അങ്ങോട്ടുമിങ്ങോട്ടുമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് നമ്മുടെ സമൂഹത്തിലെ സൗഹാര്‍ദം കൂടുതല്‍ പുഷ്പിക്കുകയെന്നത് തിരിച്ചറിയാതെ പോകരുത്. സദസ്സിലേക്ക് വന്ന യഹൂദര്‍ക്ക് തന്റെ പള്ളിയില്‍ തന്നെ പ്രാര്‍ഥിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത മുഹമ്മദ് നബിയുടെ മാതൃകയാണ് ഇസ്‌ലാമിന്റേത്. ഇത് ചരിത്രമാണ്. ആര്‍ക്കും ഇത് നിഷേധിക്കാന്‍ സാധിക്കില്ല.
ഒരു രാജ്യത്തെ യോ  ഒരു സമൂഹത്തെയോ ഒരു സമുദായത്തെ യോ  മറ്റൊരു രാജ്യത്തിനോ സമൂഹത്തിനോ സമുദായത്തിനോ ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ല. മനുഷ്യമനസ്സുകളിലെ സ്‌നേഹമെന്ന വികാരമാണ് സമൂഹത്തില്‍ കൂടുതല്‍ ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി ശീപദ് നായിക് ഉപഹാരം സമര്‍പ്പിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സുന്നി ക്രാന്തപുരം വിഭാഗം നേതാവ് പ്രൊഫ. അബ്ദുള്‍ ഹമീദ്, പത്മശ്രീ അലി മണിക് ഫാന്‍, ഫാദര്‍ പിടി ചാക്കോ, സ്വാമി വിവേകാമൃതാനന്ദ, കെ. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, അഡ്വ വി.കെ സജീവന്‍ , മുഹമ്മദ് റിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest News