പത്തനംതിട്ട- വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്. സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു 20 കാരനായ പ്രതി. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടി മധ്യവേനല്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്.
വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് ചന്തു ശശി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കോന്നിയില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.