ഭക്ഷ്യപരിശോധന ശക്തം: തട്ടുകട മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ പഴകിയ ഭക്ഷണം വില്‍ക്കുന്നു

തിരുവനന്തപുരം- ഹോട്ടല്‍ ഭക്ഷണം കഴിച്ച് ആളുകള്‍ മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. തട്ടുകടകളിലേക്കും ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിനു പഴകിയതും ഗുണനിലവാരമില്ലാത്ത ആഹാരസാധനങ്ങള്‍ കണ്ടെത്തി.

സ്റ്റാര്‍ ഹോട്ടലുകളായ ഇന്ദ്രപ്രസ്ഥ, സൂര്യ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍നിന്നു പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനിലും മെസ്സിലും ബാര്‍ ഹോട്ടലില്‍നിന്നുമായി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. വട്ടപ്പാറയിലെ എസ്.യു.ടി മെഡിക്കല്‍ കോളജിന്റെ കാന്റീനില്‍നിന്നു പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയില്‍ കണ്ടെത്തി്.

നിരവധി കടകള്‍ക്ക് നോട്ടീസ് നല്‍കി. കേരള ഹൗസ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിനു നോട്ടിസ് നല്‍കി. നിരോധിത പ്ലസ്റ്റിക് കവറുകളും പിടിച്ചെടുത്തിട്ടുണ്ട്. കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി. വില്‍പ്പനക്കായി തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്.

ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസര്‍കോട് നഗരസഭ എന്നിവര്‍ സംയുക്തമായാണ് പുലര്‍ച്ചെ മുതല്‍ പരിശോധന നടത്തിയത്. ശീതികരിച്ച വാഹനത്തില്‍ കൊണ്ടുവന്ന 50 ബോക്സുകളില്‍ എട്ട് ബോക്സ് മല്‍സ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്.
ഇതില്‍ കൂടുതലും മത്തിയാണ്. ഉപയോഗശൂന്യമായ മല്‍സ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Latest News