അബൂദാബി- വിദേശികള്‍ക്ക് ജോലി ചെയ്യാന്‍ വെര്‍ച്വല്‍ വിസ ലഭിക്കുമെന്ന് അധികൃതര്‍. ഒരു വര്‍ഷം കാലാവധിയുള്ള ഈ വിസ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലാണ് നല്‍കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നതാണ് അധിക ചെലവോ സ്‌പോണ്‍സര്‍ഷിപ്പോ ഇല്ലാത്ത പുതിയ വെര്‍ച്വല്‍ വര്‍ക് പെര്‍മിറ്റ്. ചെറുകിട, ഇടത്തരം സംരംഭകര്‍, വ്യവസായ രംഗത്തെ തുടക്കക്കാര്‍ എന്നിവരെയെല്ലാം രാജ്യത്തേക്കു സ്വാഗതം ചെയ്യുന്നതാണ് നവീകരിച്ച വീസ സംവിധാനം. കമ്പനികളുടെ ആസ്ഥാനം വിദേശ രാജ്യങ്ങളിലാണെങ്കിലും ദുബായില്‍ താമസിച്ച് ഇവര്‍ക്ക് ജോലി ചെയ്യാനാകും.
വിദഗ്ധര്‍ക്കും വിവിധ വിഷയങ്ങളില്‍ നിപുണരായവര്‍ക്കും വര്‍ക് ഫ്രം ഹോമിന് അവസരം ലഭിക്കുന്ന പുതിയ വിസ വ്യക്തികളുടെ വിഭവശേഷി വര്‍ധിപ്പിക്കുന്നതും ദേശീയ സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാക്കുമെന്നുമാണു വിലയിരുത്തല്‍.
വിസ ലഭിച്ചവര്‍ക്ക് കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവരാനും സാധിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് വിസ നല്‍കുക. ആവശ്യമെങ്കില്‍ ഇത്തരം വിസകള്‍ പുതുക്കി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ദുബായ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഒരു വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയാണ് വിസക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. നിലവില്‍ ജോലിയുള്ളവരാണ് അപേക്ഷകരെങ്കില്‍ തൊഴില്‍ തെളിയിക്കുന്ന രേഖയും ഒരുവര്‍ഷമെങ്കിലും കാലാവധിയുള്ള തൊഴില്‍ കരാറും അപേക്ഷയോടൊപ്പം നല്‍കണം.