റിയാദ്- യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ ജിസാന്‍ ലക്ഷ്യമാക്കി തൊടുത്ത മിസൈല്‍ സൗദി പ്രതിരോധ സേന തകര്‍ത്തു.
വ്യാഴാഴ്ച വൈകിട്ടാണ് ഹൂത്തികള്‍ ജിസാനുനേരെ ആക്രമണം നടത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി അറേബ്യയിലെ നാലു നഗരങ്ങള്‍ക്കുനേരെ ഒരേ സമയം നടത്തിയ മിസൈല്‍ ആക്രമണത്തെ ലോകരാജ്യങ്ങളും യു.എന്‍ രക്ഷാസമിതിയും അപലപിച്ചതിനു പിന്നാലെയാണ് ഹൂത്തികളുടെ പ്രകോപനം.
ഹൂത്തി മിലീഷ്യയെ മറയാക്കി മേഖലയില്‍ ഇറാന്‍ നടത്തുന്ന അതിക്രമങ്ങള്‍ അവര്‍ നിഷേധിക്കുന്നത് ലോകത്ത് ഏതൊരു ക്രിമിനലും സ്വീകരിക്കുന്ന നിലപാടായി കണ്ടാല്‍ മതിയെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. യെമന്‍ അതിര്‍ത്തിയില്‍നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇറാനില്‍നിന്ന് എത്തിക്കുന്ന മിസൈല്‍ ഭാഗങ്ങള്‍ യെമനില്‍വെച്ച് ഘടിപ്പിച്ച ശേഷമാണ് സൗദി അറേബ്യക്കുനേരെ തൊടുക്കുന്നത്. യു.എസ് ചാനലായ സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് കേണല്‍ മാലിക്കി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹുത്തികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തണക്കുള്ള തെളിവുകള്‍ അന്താരാഷ്ട്ര സമൂഹം മുമ്പാകെ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.