റിയാദ് - രണ്ടര മാസത്തിനിടെ വിവിധ പ്രവിശ്യകളിലെ മൊബൈൽ ഫോൺ കടകളിൽ നടത്തിയ പരിശോധനയിൽ ആയിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി. സൗദിവൽക്കരണം ഉറപ്പു വരുത്താൻ മൊബൈൽ ഫോൺ കടകളിൽ പരിശോധന തുടരുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
ഡിസംബർ 31 മുതൽ മാർച്ച് 10 വരെ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനകളിൽ 968 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 691 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതും ബാക്കി മറ്റു തൊഴിൽ നിയമ ലംഘനങ്ങളുമാണ്. ഇക്കാലയളവിൽ 15,123 മൊബൈൽ ഫോൺ കടകളിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും വിവിധ സർക്കാർ വകുപ്പുകളും സഹകരിച്ച് പരിശോധനകൾ നടത്തിയത്. 14,390 സ്ഥാപനങ്ങൾ സൗദിവൽക്കരണവും മറ്റു തൊഴിൽ നിയമങ്ങളും പൂർണമായും പാലിച്ചതായി കണ്ടെത്തി. 733 സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങൾ പൂർണമായും പാലിച്ചില്ല. സൗദിൽവൽക്കരണം പാലിക്കാത്ത മൊബൈൽ ഫോൺ കടകളെ കുറിച്ചും തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ചും 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു. യാമ്പുവിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാവിലെ നടത്തിയ പരിശോധനകളിൽ 11 നിയമ ലംഘനങ്ങൾ കണ്ടെത്തി. റെന്റ് എ കാർ സ്ഥാപനങ്ങളിലും ലേഡീസ് ഷോപ്പുകളിലും ഹോട്ടലുകളിലും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളിലുമാണ് ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കുക, തൊഴിൽ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതിരിക്കുക പോലുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്.