ജോഹന്നസ്ബർഗ് - പരിശീലകനായി തുടരുമെന്നും ടീമിലെ മോശം സംസ്‌കാരം മാറ്റുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡാരൻ ലീമൻ രാജി വെക്കാൻ തീരുമാനിച്ചത് കളിക്കാരുടെ പ്രതികരണം കണ്ട ശേഷം. ഇന്നാരംഭിക്കുന്ന വാൻഡറേഴ്‌സ് ടെസ്റ്റിനു ശേഷമായിരിക്കും സ്ഥാനമൊഴിയുക. അഞ്ച് വർഷം മുമ്പാണ് പരിശീലകനായി ചുമതലയേറ്റത്. ഓസീസ് ക്രിക്കറ്റിന് പുതിയ പ്രതിഛായ തേടാൻ തന്റെ രാജി അനിവാര്യമാണെന്ന് ലീമൻ തിരിച്ചറിയുകയായിരുന്നു.
ശനിയാഴ്ച പന്ത് ചുരണ്ടൽ വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം ഉറങ്ങാനായിട്ടില്ലെന്ന് ലീമൻ പറഞ്ഞു. കളിക്കാരും ഉറങ്ങിയിട്ടില്ല. ഇന്നാരംഭിക്കുന്ന ടെസ്റ്റിൽ ഓസീസ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കുമെന്ന് ലീമൻ പറഞ്ഞു. സ്റ്റീവ് സ്മിത്തിന്റെ അനുമതിയോടു കൂടി ഡേവിഡ് വാണർ സഹ ഓപണർ കാമറൂൺ ബാൻക്രോഫ്റ്റിനെ പന്ത് ചുരണ്ടാൻ നിയോഗിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്ന് ലീമൻ ആവർത്തിച്ചു. എന്നാൽ കളിക്കാരും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ തനിക്ക് തുടരാനാവില്ലെന്ന് കോച്ച് പറഞ്ഞു. സ്റ്റീവ് കരയുന്നതു കണ്ടപ്പോൾ എനിക്ക് വേദന തോന്നി. എനിക്കു മാത്രമല്ല എല്ലാ കളിക്കാർക്കും. സംഭവിച്ചതിനെയൊന്നും ന്യായീകരിക്കുന്നില്ല. പക്ഷെ നല്ല മനുഷ്യന്മാർക്കും ചിലപ്പോൾ പിഴവ് സംഭവിക്കും. അവർക്ക് രണ്ടാമതൊരവസരം നൽകണം -ലീമൻ അഭ്യർഥിച്ചു.
'രാജി വെക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും കുറച്ചു ദിവസമായി ഞാൻ ആലോചനയിലായിരുന്നു. സ്റ്റീവും കാമറൂണും മാധ്യമങ്ങൾക്കു മുന്നിൽ വിതുമ്പുന്നതു കണ്ടപ്പോൾ, ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് മുന്നോട്ടേക്കുള്ള വഴി തേടാൻ ഞാനും ഒഴിഞ്ഞു കൊടുക്കുന്നതാണ് നല്ലതെന്നു തോന്നി'.
2014 നവംബറിൽ ഓസീസ് ഓപണർ ഫിലിപ് ഹ്യൂസ് ആഭ്യന്തര പന്ത് തലക്കു കൊണ്ട് മരിച്ച ദുരന്തം നേരിടാൻ ടീമിനെ സഹായിച്ചതാണ് കോച്ചിംഗ് കരിയറിലെ അഭിമാന നിമിഷമെന്ന് ലീമൻ പറഞ്ഞു. വിട പറയുന്ന കാര്യം കളിക്കാരെ അറിയിച്ചതാണ് വേദനിപ്പിച്ച നിമിഷമെന്നും ലീമൻ കൂട്ടിച്ചേർത്തു.
ഓസീസ് ടീമിൽ ഇത്തരം സംസ്‌കാരം വളർത്തിയെടുത്തതിന്റെ പങ്ക് ലീമനാണെന്നാണ് പൊതുവായ വിലയിരുത്തൽ. എന്നാൽ പന്ത് ചുരണ്ടൽ വിവാദത്തിൽ ലീമനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറ്റവിമുക്തനാക്കിയിരുന്നു.