Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ കുടുംബശ്രീ അംഗങ്ങൾ മേയറെ ഉപരോധിച്ചു, ഭീഷണിപ്പെടുത്തി കാര്യം നേടാനാവില്ലെന്ന് മേയർ

കണ്ണൂർ- കോർപറേഷൻ പരിസരത്തെ കുടുംബശ്രീയുടെ ഹോട്ടൽ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങൾ മേയറെ ഉപരോധിച്ചു.  മേയർ അഡ്വ.ടി.ഒ. മോഹനനെ ഓഫീസിൽ കയറാൻ അനുവദിക്കാതെ തടയുകയായിരുന്നു. പോലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മേയർ ഓഫീസിൽ കയറിയത്.
ഹോട്ടൽ വിഷയത്തിൽ കോർപറേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ  ഏതാനും ദിവസങ്ങളായി കുത്തിയിരുപ്പ് സമരം നടത്തുന്ന പ്രവർത്തകരിൽ ചിലരാണ് ഓഫീസിലേക്കെത്തിയ മേയറെ തടഞ്ഞത്.  ഒഫീസിന്റെ വാതിലിന് മുന്നിൽ എട്ട് സ്ത്രീകൾ കുത്തിയിരിക്കുകയായിരുന്നു. കോംപൗണ്ടിന് പുറത്തും അകത്തും പോലീസ് ഉണ്ടായിരുന്നുവെങ്കിലും ഇവർ കാര്യമായി ഇടപെട്ടില്ല. പിന്നീട് സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ വനിതാ പോലീസ് എത്തി സമരക്കാരെ നീക്കം ചെയ്യുകയായിരുന്നു. പ്രതിഷേധക്കാരും പോലീസും പിടിവലി നടത്തുന്നതിനിടെ മേയർ ഓഫീസിലേക്ക് പെട്ടെന്ന് കയറി. 
പിന്നീട്  പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അകത്ത് സമരം നടക്കുന്നതിനിടെ കോംപൗണ്ടിന് പുറത്ത് സി.ഡി.എസ് അംഗങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് വെട്ടിലായി. ഗേറ്റ് തളളിത്തുറന്ന് അകത്ത് കടക്കാനുള്ള ശ്രമം പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
വിവരം അറിഞ്ഞ് പ്രതിപക്ഷ കൗൺസിലറും സി.പി.എം നേതാവുമായ ടി.എൻ സുകന്യയും സി.പി.എം നേതാവ് എം.പ്രകാശൻ മാസ്റ്ററും കോർപറേഷൻ ഓഫീസിൽ എത്തിയിരുന്നു. ഇവർ പിന്നീട് മേയറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചിച്ചു മാത്രമേ നടപടിയെടുക്കാനാവൂ എന്ന് മേയർ അറിയിച്ചു.

 

ഭീഷണിപ്പെടുത്തി കാര്യം നേടാനാവില്ലെന്ന് മേയറുടെ മറുപടി  

കണ്ണൂർ- ഭീഷണിപ്പെടുത്തിയും വ്യക്തിഹത്യ നടത്തിയും കൈയ്യേറ്റം ചെയ്തും കാര്യം നേടാമെന്ന് ആരും ധരിക്കരുതെന്ന് കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരുടെ ഉപരോധത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മേയർ.
കണ്ണൂർ കോർപറേഷൻ ഓഫീസ് പരിസരത്ത് കഴിഞ്ഞ നാലു വർഷങ്ങളായി ഒരു രൂപ പോലും വാടക നൽകാതെയും എഗ്രിമെന്റ് ഉണ്ടാക്കാതെയും പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് കുടുംബശ്രീയുടെ ടേസ്റ്റി ഹട്ട് എന്ന ഹോട്ടൽ. ഇത് പൊളിച്ചുമാറ്റിയത് കോർപറേഷൻ ആസ്ഥാനമന്ദിര നിർമ്മാണത്തിനായാണ്. ഈ ഹോട്ടൽ മാത്രമല്ല, കോർപറേഷന്റെ ടോയ്‌ലറ്റ് കോംപ്ലക്‌സും വാട്ടർ ടാങ്കും കിണറും മറ്റൊരു ഭക്ഷണ വിതരണ സ്ഥാപനവും ഗാന്ധി പ്രതിമയും വരെ ഈ നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്തിട്ടുണ്ട്. ഈ വിഷയത്തിലാണ് ദിവസങ്ങളായി സമരാഭാസവും ഉപരോധവും അടക്കം നടത്തുന്നത്. കുടുംബശ്രീ സംവിധാനത്തോട് ആദരവും അനുകമ്പയുമുണ്ട്. ഇവർക്ക് പകരം സംവിധാനം നൽകണമെന്ന അഭ്യർത്ഥന മാനിച്ച് ഇതേക്കുറിച്ച് ആലോചിച്ചു വരികയാണ്. മേയർക്ക് മാത്രമായി ഈ കാര്യത്തിൽ തീരുമാനമെടുക്കാനാവില്ല. പകരം സംവിധാനം നൽകുമ്പോൾ വാടക ഉൾപ്പെടെയുള്ളവ നൽകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് ചിലരുടെ ഇടപെടലിൽ സമരം സംഘടിപ്പിക്കുന്നത് -മേയർ പറഞ്ഞു.
സ്ഥാപനം പോലീസ് സാന്നിധ്യത്തിലാണ് പൊളിച്ചുനീക്കിയത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങൾ തിട്ടപ്പെടുത്തി മഹസർ റജിസ്റ്റർ ചെയ്തത് ജീവനക്കാരുടെ സാന്നിധ്യത്തിലാണ്. ഇതാണ് വാസ്തവമെന്നിരിക്കെ, സാധനങ്ങൾ മോഷ്ടിച്ചുവെന്ന് പോലീസിൽ പരാതി നൽകുകയും കേസെടുപ്പിക്കുകയുമായിരുന്നു. അധികാരമുപയോഗിച്ച് പാർട്ടി പ്രതാപം കാണിക്കാൻ എന്തും ചെയ്യുമെന്നതിന് ഉദാഹരണമാണിത്. ഇത്തരം ഭീഷണികളിൽ വീഴില്ല- മേയർ വ്യക്തമാക്കി.
കണ്ണൂർ കോർപറേഷനിൽ, കുടുംബശ്രീയുടെ പേരിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നവർ ജില്ല പഞ്ചായത്തിൽ ഇരട്ടത്താപ്പാണ് കൈക്കൊള്ളുന്നത്. ജില്ല പഞ്ചായത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കുടുംബശ്രീയുടെ കഫേ കുടുംബശ്രീ എന്ന സ്ഥാപനം അറ്റകുറ്റപണിയുടെ പേരിൽ ഒഴിപ്പിച്ചതിനെ ചോദ്യം ചെയ്യാൻ ഇവർ തയ്യാറല്ല. പ്രതിമാസം 50,000 രൂപ വാടക നൽകിയാണീ സ്ഥാപനം പ്രവർത്തിച്ചു വന്നത്. വാടക കൂട്ടിയപ്പോൾ നൽകാനാവാത്തതിന്റെ പേരിൽ ഇവരെ ഒഴിപ്പിക്കുകയും ചെറിയൊരു മുറിയിലേക്ക് മാറ്റുകയുമായിരുന്നു. പത്ത് ലക്ഷം രൂപ ചെലവഴിച്ച് ആണ് അവിടെ കിച്ചൺ സ്ഥാപിച്ചത്. ഈ പണം ആരു നൽകും? -മേയർ ചോദിച്ചു.
കണ്ണൂർ കോർപറേഷനിൽ കുടുംബശ്രീക്ക് ഹോട്ടൽ നടത്തുന്നതിന് വകുപ്പു മന്ത്രി ഉത്തരവിട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മന്ത്രിക്ക് ലഭിച്ച നിവേദനത്തിൽ, പരിശോധിച്ച് വേണ്ടതു ചെയ്യണമെന്ന കുറിപ്പ് എഴുതി അയയ്ക്കുക മാത്രമാണ് ചെയ്തത്. ഇത് സർക്കാർ ഉത്തരവല്ല- മേയർ വ്യക്തമാക്കി.
ഈ വിഷയത്തിൽ ഭരണതലത്തിൽ കൂടിയാലോചന നടത്തി മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഭീഷണിപ്പെടുത്തി തീരുമാനമെടുപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും മേയർ പറഞ്ഞു.     

Latest News