Sorry, you need to enable JavaScript to visit this website.

കണ്ണീരണിഞ്ഞ് കളിക്കാർ, രാജി പ്രഖ്യാപിച്ച് കോച്ച്‌

എന്റെ പിഴ, എന്റെ പിഴ.... ദുഃഖം താങ്ങാനാവാതെ സ്മിത്ത് വാർത്താസമ്മേളനത്തിൽ.

മെൽബൺ - പന്ത് ചുരണ്ടൽ സംഭവത്തിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റിൽ ഉലഞ്ഞുപോയ ഓസ്‌ട്രേലിയൻ കളിക്കാർ മാധ്യമങ്ങൾക്കു മുന്നിൽ കൊച്ചു കുട്ടികളെപ്പോലെ തേങ്ങി. ഡേവിഡ് സ്മിത്തിന്റെയും കാമറൂൺ ബാൻക്രോഫ്റ്റിന്റെയും വേദനയൂറുന്ന വാക്കുകൾ കേട്ട് മനസ്സു മാറി കോച്ച് ഡാരൻ ലീമൻ രാജി പ്രഖ്യാപിച്ചു. രോഷത്തിന്റെയും നിരാശയുടെയും സുനാമിത്തിരമാലകൾ കണ്ട ഓസ്‌ട്രേലിയയിൽ ഇനി കനിവിന്റെയും പ്രായശ്ചിത്തത്തിന്റെയും പശ്ചാത്താപത്തിന്റെയും പൊറുത്തു കൊടുക്കലിന്റെയും കാലം. 
ഒരു വർഷം കളിയിൽ നിന്നും രണ്ടു വർഷം ക്യാപ്റ്റൻസിയിൽ നിന്നും വിലക്കപ്പെട്ട് കേപ്ടൗണിൽ നിന്ന് സിഡ്‌നിയിൽ തിരിച്ചെത്തിയ സ്മിത്ത് വിമാനത്താവളത്തിൽ നടത്തിയ പശ്ചാത്താപം ഹൃദയസ്പർശിയായിരുന്നു. 'സഹതാരങ്ങളേ, ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളേ, രോഷവും നിരാശയും അനുഭവിച്ച ഓസ്‌ട്രേലിയക്കാരേ... മാപ്പ്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയിൽ പൂർണമായി ഞാൻ ഏറ്റെടുക്കുന്നു. വലിയ അബദ്ധമാണ് കാണിച്ചത്. അതിന്റെ പ്രത്യാഘാതം മനസ്സിലാക്കുന്നു. എന്റെ പിഴയാണ് അത്. അതിന് പ്രായശ്ചിത്തം ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യും. ശിഷ്ടജീവിതം മുഴുവൻ ഇതിന്റെ പാപം പേറേണ്ടി വരുമെന്നറിയാം. പൂർണമായും തകർന്നു പോയിരിക്കുന്നു ഞാൻ. കാലം കടക്കുമ്പോഴെങ്കിലും നിങ്ങളുടെയൊക്കെ വിശ്വാസവും ക്ഷമയും നേടിയെടുക്കാൻ എനിക്ക് സാധിക്കണമെന്ന് ആശിക്കുന്നു. ക്രിക്കറ്റായിരുന്നു എനിക്ക് ജീവിതം. ഇനിയും അങ്ങനെയാവണമെന്നാണ് ആഗ്രഹം' -സ്മിത്ത് പറഞ്ഞു. 
വിലക്കിനു പുറമെ കോടികളുടെ ഐ.പി.എൽ കരാറും നിരവധി പരസ്യ കരാറുകളും നഷ്ടപ്പെട്ടെങ്കിലും മാതാപിതാക്കളുടെ വിശ്വാസം കാക്കാനായില്ലെന്നതാണ് ഏറ്റവും വേദനയുണ്ടാക്കിയതെന്ന് സ്മിത്ത് പറഞ്ഞു. ഓരോ തവണ തെറ്റ് ചെയ്യുമ്പോഴും നിങ്ങൾ മാതാപിതാക്കളെയാണ് ഓർക്കേണ്ടത്. നോക്കൂ എന്റെ പിതാവിനെ.. എന്റെ മാതാവിനെ.. എനിക്ക് വേദന സഹിക്കാനാവുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിൽ തന്നെ ആരാധിച്ച കുട്ടികളോട് എന്തു പറയുമെന്ന ചോദ്യത്തിന് തെറ്റായ ഓരോ തീരുമാനവും ഒരുപാട് പേരെ സ്വാധീനിക്കുന്നുണ്ടെന്നും തന്റെ അനുഭവം മറ്റുള്ളവർക്ക് പാഠമാകണമെന്നും സ്മിത്ത് മറുപടി നൽകി. 
തെറ്റിന്റെ ഉത്തരവാദിത്തം ആരുടെയും തലയിലിടാൻ സ്മിത്ത് തയാറായില്ല. 'ഞാനായിരുന്നു ക്യാപ്റ്റൻ. ഇത് സംഭവിക്കാൻ അനുവദിച്ചത് എന്റെ പിഴവാണ്. വലിയ അബദ്ധമായിപ്പോയി അത്. അങ്ങേയറ്റം മാപ്പ് ചോദിക്കുന്നു'.
ആദ്യമായാണോ ഓസീസ് ടീം പന്ത് ചുരണ്ടുന്നതെന്ന് ചോദിച്ചപ്പോൾ തന്റെ അറിവിൽ ആദ്യത്തേതും അവസാനത്തേതുമാണ് ഇതെന്നും ഇതാവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും സ്മിത്ത് മറുപടി നൽകി. തൽസമയം സംപ്രേഷണം ചെയ്യപ്പെട്ട വാർത്താസമ്മേളനത്തിൽ പലതവണ ഇരുപത്തെട്ടുകാരൻ വാക്കുകൾ പൂർത്തിയാക്കാനാവാതെ വിതുമ്പി. അതോടെ താരത്തെ മാധ്യമങ്ങൾക്കു മുന്നിൽ നിന്ന് നീക്കുകയായിരുന്നു. ജോഹന്നസ്ബർഗ് വിമാനത്താവളത്തിൽ പോലീസ് സുരക്ഷയിലെത്തിയ സ്മിത്തിനെ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം വഞ്ചകൻ എന്ന് കൂവി വിളിച്ചിരുന്നു. 

 

വാർത്താ സമ്മേളനത്തിനിടയിൽ വിതുമ്പിയ സ്മിത്തിനെ പിതാവ് പീറ്റർ സ്മിത്ത് ആശ്വസിപ്പിക്കുന്നു. 
 


സിഡ്‌നിയിൽ നിന്ന് 4000 കി.മീ അകലെ പെർത്തിലാണ് ബാൻക്രോഫ്റ്റ് മാധ്യമങ്ങളെ നേരിട്ടത്. സമയം പിറകോട്ട് നീക്കാനാവുമോയെന്നാണ് ഓരോ സെക്കന്റും ഞാൻ ചിന്തിക്കുന്നത്. സംഭവിച്ചതിൽ ജീവിതകാലം മുഴുവൻ ഞാൻ ദുഃഖിക്കും. ഇപ്പോൾ എനിക്കൊന്നേ കഴിയൂ, നിങ്ങളോട് മാപ്പപേക്ഷിക്കുക -ഇരുപത്തഞ്ചുകാരൻ പറഞ്ഞു. മാറ്റ് റെൻഷോക്കു പകരക്കാരനായി ടീമിലെത്തിയിട്ട് എട്ട് ടെസ്റ്റ് മാത്രമാണ് ബാൻക്രോഫ്റ്റ് കളിച്ചത്. ബാൻക്രോഫ്റ്റ് വിലക്കപ്പെട്ടതോടെ റെൻഷോ സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ടീമിലെ സ്ഥാനം സൗജന്യമായി വിട്ടുകൊടുക്കുന്നു എന്ന് ചിന്തിക്കുമ്പോൾ നെഞ്ച് നുറുങ്ങുന്നുവെന്ന് കണ്ണീരടക്കാനാതെ ബാൻക്രോഫ്റ്റ് പറഞ്ഞു. 'കഠിനാധ്വാനത്തിലൂടെയാണ് ഞാൻ അവിടെയെത്തിയത്. എന്നിട്ട് വെറുതെ സ്ഥാനം വിട്ടുകൊടുത്തത് എന്നെ തകർക്കുന്നു'.
സാന്റ് പേപ്പർ കൊണ്ട് പന്ത് ചുരണ്ടിയ ശേഷം എന്തിനാണ് സ്റ്റിക്കർ എന്ന് കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോൾ താൻ പരിഭ്രാന്തനായെന്നും എന്തു ചെയ്യണമെന്ന് മനസ്സിലായില്ലെന്നും താരം വ്യക്തമാക്കി. 'ഇതിനു മുമ്പൊരിക്കലും പന്ത് ചുരണ്ടിയിട്ടില്ല. ഒരു കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എന്റെ മൂല്യങ്ങൾക്ക് അത് ഒരിക്കലും നിരക്കില്ല'.
ഗൂഢാലോചന ആസൂത്രണം ചെയ്യുകയും എങ്ങനെ ചെയ്യണമെന്ന് ബാൻക്രോഫ്റ്റിന് കാണിച്ചു കൊടുക്കുകയും ചെയ്തുവെന്ന് കരുതുന്ന ഡേവിഡ് വാണർ ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് മാപ്പപേക്ഷ നടത്തിയത്. 
കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മുപ്പത്തൊന്നുകാരൻ പറഞ്ഞു. 'ക്രിക്കറ്റിന്റെ പ്രതിഛായ കളങ്കിതമായ പിഴവുകളാണ് സംഭവിച്ചത്. എന്റെ പങ്കിന് ക്ഷമ ചോദിക്കുന്നു'.
വിലക്ക് കാരണം സ്മിത്തിനും വാണർക്കും 38 ലക്ഷം ഡോളറിന്റെ (25 കോടിയോളം രൂപ) നഷ്ടമുണ്ടാവുമെന്നാണ് കണക്ക്. 2015 ൽ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത സ്മിത്ത് സ്പിന്നറായി തുടങ്ങുകയും മികച്ച ബാറ്റ്‌സ്മാനായി ഉയരുകയും ചെയ്ത കളിക്കാരനാണ്. ഡോൺ ബ്രാഡ്മാനു ശേഷം ഓസീസിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന പദവിയിലേക്കുയരുകയായിരുന്നു. വാണറെ ഇനിയൊരിക്കലും നായകനായി പരിഗണിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു.


 

Latest News