കോട്ടയം - കോട്ടയത്ത് കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വീണ്ടും അറസ്റ്റില്‍. കോട്ടയത്തെ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ്.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കരാറുകാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
2016 - 2017 കാലഘട്ടത്തില്‍ ഇറിഗേഷന്‍ വിഭാഗത്തില്‍ ലിഫ്റ്റ് ഇറിഗേഷന്റെ കരാറുകാരനായിരുന്നു പരാതിക്കാരന്‍. കരാറുമായി ബന്ധപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കരാര്‍ അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് അനുസരിച്ച് കരാര്‍ അവസാനിച്ച 2018 ല്‍ പരാതിക്കാരനായ കരാറുകാരന് പണം ലഭിക്കേണ്ടതാണ്. എന്നാല്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനു ജോസ് പണം തിരികെ നല്‍കിയില്ല. ഒടുവില്‍ പണം തിരികെ നല്‍കണമെങ്കില്‍ കൈകൂലി നല്‍കണമെന്ന് ബിനു പരാതിക്കാരനോട് ആവശ്യപ്പെട്ടു.
മൂന്ന് ഘട്ടങ്ങളായിട്ടാണ് സെക്യുരിറ്റി ഡിപ്പോസിറ്റായ പണം കരാറുകാരന് തിരികെ നല്‍കുക. ഇതിന്റെ ആദ്യ പടി എന്ന നിലയിലാണ് കരാറുകാരനില്‍ നിന്ന് ബിനു 10,000 രൂപ ആവിശ്യപ്പെട്ടത്. വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ ചേദ്യം ചെയ്യലിനു ശേഷം പ്രതിയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴയില്‍ പരീക്ഷാ വിഭാഗത്തിലെ വനിത ജീവനക്കാരിയെ ഈയിടെ പിടികൂടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് വ്യാപകമായ പരിശോധന തുടങ്ങിയിരുന്നു.