തിരുവനന്തപുരം- എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ല. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്ന് മന്ത്രി ആരോപിച്ചു.
അധ്യാപകരുടെ മൂല്യ നിർണയ ബഹിഷ്‌കരണത്തിൽ ദുരൂഹതയുണ്ട്. മൂല്യനിർണയ ബഹിഷ്‌കരണം സർക്കാർ അന്വേഷിക്കും. മുന്നറിയിപ്പില്ലാതെയാണ് ബഹിഷ്‌കരണം. ഹൈക്കോടതി ഉത്തരവിന് എതിരാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി കുറ്റപ്പെടുത്തി.