കണ്ണൂര്‍- എതിര്‍പ്പുകളെയും കടുത്തപ്രതിഷേധങ്ങളെയും അവഗണിച്ചുള്ള കെറെയില്‍ കല്ലിടല്‍ പെട്ടെന്നുനിര്‍ത്താന്‍ കാരണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണെന്ന് സംശയം. ഏപ്രില്‍ 29ന് അവസാനിച്ച കല്ലിടല്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതാണ് കുറ്റിയടി തത്കാലം നിര്‍ത്തിവെച്ചതാണോയെന്ന് ചില കോണുകളില്‍നിന്ന് സംശയമുയര്‍ന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്താണ് അവസാനമായി കണ്ണൂരില്‍ കല്ലിടല്‍ നടന്നത്. ഇനി തലശ്ശേരി മേഖലയിലാണ് തുടരേണ്ടത്. രണ്ടാഴ്ചമുമ്പ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ നേരിട്ടെത്തിയാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്. അന്നുമുതല്‍ വലിയ പ്രതിഷേധമായിരുന്നു. അപ്പോഴൊന്നും കല്ലിടല്‍ നിര്‍ത്തിവെച്ചില്ല.
കല്ലിടല്‍ നിര്‍ത്തിവെച്ചതായി അറിയില്ലെന്ന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡി. വി. അജിത്കുമാര്‍ പറഞ്ഞു. ഒരുകാരണവശാലും പിന്നോട്ടുപോകുന്ന പ്രശ്‌നമില്ല. ഇനി എപ്പോള്‍ കല്ലിടല്‍ തുടങ്ങുമെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ പ്രചാരണവിഷയമാക്കാന്‍ തന്നെയാണ് യു.ഡി.എഫിന്റെ നീക്കം.