Sorry, you need to enable JavaScript to visit this website.

മന്ത്രവാദം നടത്തി പണം തട്ടുന്ന രണ്ടുപേരെ അജ്മാന്‍ പോലീസ് കെണിയൊരുക്കി പിടിച്ചു

അജ്മാന്‍- പ്രശ്‌നങ്ങളുടെ പരിഹാരത്തിന് മന്ത്രവാദം നടത്തുമെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ രണ്ട് പേരെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് അറബ് വംശജര്‍ പണം തട്ടിയതായി നിരവധി പേര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കെണി ഒരുക്കുകയായിരുന്നു.
രഹസ്യ ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനായി ചമഞ്ഞ് മന്ത്രവാദികളെ സമീപിക്കുകയായിരുന്നു. ഒരു സേവനങ്ങള്‍ക്കായി 10,000 ദിര്‍ഹം നല്‍കാമെന്ന് സമ്മതിച്ച് അജ്മാനിലെ ഒരു ഹോട്ടലിലെത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന്   അജ്മാന്‍ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് അല്‍ നുഐമി പറഞ്ഞു,
പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇവരുടെ കൈവശം ഏതാനും കടലാസുകളും എണ്ണയും പുസ്തകവുമാണ് ഉണ്ടായിരുന്നത്. ഇരുവരും അസാധാരണ വസ്ത്രം ധരിച്ചിരുന്നു.
പ്രതികളെ നിയമനടപടികള്‍ക്കായി പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറി.
മന്ത്രവാദത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് സമീപിക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന്  അജ്മാന്‍ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകാരെ കുറിച്ച് അറിവുള്ളവര്‍ വിവരം പോലീസിനെ അറിയിക്കാന്‍ കേണല്‍ അല്‍ നുഐമി അഭ്യര്‍ഥിച്ചു.

 

Latest News