Sorry, you need to enable JavaScript to visit this website.

പ്രളയകാലത്തെ രക്ഷകന്‍ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റില്‍

താനൂര്‍-ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കല്‍ ജെയ്‌സലിനെയാണ് (37) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രളയകാലത്ത് വെള്ളത്തില്‍ അകപ്പെട്ട കൂരിയാടിന് സമീപത്തെ ഒരു കുടുംബത്തിലെ സ്ത്രീകളെ മുതുകു കാണിച്ച് ചവിട്ടി കയറാന്‍ സഹായിച്ചതോടെ ഏറെ പ്രശസ്തനായിരുന്നു യുവാവ്. തുടര്‍ന്നു ഒട്ടേറെ അംഗീകാരങ്ങളും അനുമോദനങ്ങളും തേടിയെത്തിയിരുന്നു. ട്രോമാകെയര്‍, പോലീസ് വോളണ്ടയറുമായിരുന്നു ജെയ്‌സല്‍.
2021 ഏപ്രില്‍ 15നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നു ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയ ശേഷമാണ്
യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്. തുടര്‍ന്നു ഇവര്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കി. പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ബുധനാഴ്ച താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരത്തെ കോടതികള്‍ തള്ളിയിരുന്നു.  താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ശ്രീജിത്ത് നരേന്ദ്രന്‍, പി.കെ.രാജു, എഎസ്‌ഐ റഹീം യൂസഫ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. ജെയ്‌സലിനെ നാളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

 

 

Latest News