ജിദ്ദ-ജിദ്ദ അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ നോര്‍ത്ത് ടെര്‍മിനലില്‍ രണ്ട് ദിവസമായി തുടരുന്ന തിരക്കിലും അനിശ്ചിതത്വത്തിനുമിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ മലയാളി ഉംറ തീര്‍ഥാടകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ മാമ്പ്ര എരയംകുടി അയ്യാരില്‍ ഹൗസില്‍ എ.കെ. ബാവുവാണ് കിംഗ് ഫഹദ് ആശുപത്രിയിലെ ഐ.സി.യുവിലുള്ളത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പെണ്‍മക്കളായ ബീന, ബിജിലി എന്നിവരും, ബീനയുടെ ഭര്‍ത്താവ് അബ്ബാസും മടക്കയാത്ര തല്‍ക്കാലം ഒഴിവാക്കി ജിദ്ദയില്‍ തന്നെയാണ്.
കളമശ്ശേരിയിലെ സ്വകാര്യ ഹജ് ഗ്രൂപ്പിലാണ് ഇവര്‍ ഉംറക്കെത്തിയത്. ബുധനാഴ്ച വൈകുന്നേരം സലാം എയര്‍ വിമാനത്തില്‍ മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്കായിരുന്നു ഇവരുടെ റിട്ടേണ്‍ ടിക്കറ്റ്. രാവിലെ തന്നെ ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്കൊപ്പം മക്കയില്‍നിന്ന് വിമാനത്താവളത്തിലെത്തിയതാണ് ഇവര്‍. എന്നാല്‍ തിക്കും തിരക്കും കാരണം ഉച്ചക്ക് രണ്ടര വരെയും ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാനായില്ല. പുറത്ത് കടുത്ത വെയിലും ചൂടുമേറ്റ് കാത്തുനില്‍ക്കേണ്ടിവന്നു. നേരത്തെതന്നെ പലവിധ രോഗങ്ങളുള്ള ബാവുവിനെ വീല്‍ചെയറിലാണ് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നത്. ദേഹാസ്വാസ്ഥ്യമുണ്ടായ അദ്ദേഹം രണ്ട് മണിയോടെ കുഴഞ്ഞുവീണു. ഉടന്‍തന്നെ മറ്റ് യാത്രക്കാരും, കെ.എം.സി.സി വളണ്ടിയര്‍മാരും ഇദ്ദേഹത്തിന് വിമാനത്താവളത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ സേവനം ലഭ്യമാക്കി. പ്രഥമശുശ്രൂഷക്കുശേഷം അവിടത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആംബുലന്‍സില്‍ കിംഗ് ഫഹദ് ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു.