കോഴിക്കോട് - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. സില്‍വര്‍ലൈന്‍ അടക്കമുള്ള പദ്ധതികളിലെ സര്‍ക്കാര്‍ നിലപാട് തിരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇനി യു.ഡി.എഫിന്റെ സമയമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
അതേസമയം സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വികസനത്തിന് വോട്ട് ചെയ്യണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു.
വ്യക്തിബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടതെന്നായിരുന്നു ഉമ തോമസിനോടുള്ള നിലപാട് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു.
തൃക്കാക്കരയിലെ നിലപാട് തുറന്നു പറഞ്ഞ് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് കെ.വി തോമസ്. ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിലും സില്‍വര്‍ലൈന്‍ വികസനത്തിന് വോട്ട് ചെയ്യണം എന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. ഒരു പദ്ധതിയെ അന്ധമായി എതിര്‍ക്കുന്നത് ശരിയല്ല. വിദേശത്ത് കഷ്ടപ്പെടുന്ന മലയാളികളുടെ പണമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാവുക തന്നെ വേണം
യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് കുടുംബ സുഹൃത്താണ്. പി.ടി തോമസും താനും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരായിരുന്നു. എങ്കിലും നല്ല അടുപ്പമുണ്ടായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് ശേഷം ഉമ ഭാര്യ ഷേര്‍ളിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തനിക്ക് സംസാരിക്കാന്‍ സാധിച്ചില്ല. വ്യക്തി ബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടത്. തൃക്കാക്കരയില്‍ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും.