Sorry, you need to enable JavaScript to visit this website.

അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യം

കണ്ണൂര്‍- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡി.ഐ.ജി രാഹുല്‍  ആര്‍.നായര്‍ക്ക് ശുപാര്‍ശ നല്‍കി. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. ശുപാര്‍ശ അംഗീകരിച്ചാല്‍ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരേ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.

സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി. ജയരാജന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഒരാളെ കൊല്ലാനും പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടില്ലെന്നും ഭീഷണി വേണ്ടെന്നും ഡി.വൈ.എഫ്.ഐ നേതാവ് മനുതോമസ് പ്രതികരിച്ചിരുന്നു. എന്നാല്‍ അനാവശ്യമായി ദ്രോഹിച്ചാല്‍ പലതും തുറന്ന് പറയാന്‍ ഞാനും നിര്‍ബന്ധിക്കപ്പെടുമെന്ന് പറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ആയങ്കിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പോലീസിനെ സമീപിച്ചത്.

കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പ്രതിയായിരുന്ന അര്‍ജുന്‍ ആയങ്കി ലഹരി കടത്തുകാരുമായി അടുത്തതോടെയാണ് ഡി.വൈ.എഫ്.ഐയുമായി അകലുന്നത്. 2021 ജൂണ്‍മാസം അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി.

 

Latest News